ഗുവാഹട്ടി: പുതുവര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഗുവാഹട്ടിയില്‍ നടക്കും. ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഒരു റണ്‍സ് നേടിയാല്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ലോകറെക്കോര്ഡോടെയാകും 2020ന് തുടക്കം കുറിക്കുക. ട്വന്റി20യിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും 2663 റണ്‍സുമായി റണ്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ്. ശ്രീലങ്കക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാനുള്ള അസുലഭ അവസരമാണ് കോഹ്ലിക്ക് കൈവന്നിരിക്കുന്നത്.
നാട്ടില്‍ നടന്ന അവസാന രണ്ട് പരമ്പരകളും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനേയും വെസ്റ്റ് ഇന്‍ഡീസിനേയും തകര്‍ത്ത് മികച്ച ഫോമിലുള്ള ഇന്ത്യക്ക് തന്നെയാണ് പരമ്പരയില്‍ മുന്‍തൂക്കം. കോഹ്ലിയുടെ ഫോമും മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായകമാകും. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: