ശ്രീനഗര്‍: മ്യാന്മാറില് നിന്ന് അനധികൃതമായി നുഴഞ്ഞുകയറിയ റോഹിങ്ക്യക്കാരെ തിരിച്ചയയ്ക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. അയല്‍രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് സി.എ.എയുടെ ആനുകൂല്യം നല്‍കുന്നത്. റോഹിങ്ക്യകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ജമ്മുകശ്മീര്‍ ഉള്‍പ്പടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും പൗരത്വ ഭേദഗതി നിയമം ബാധകമാവും. അടുത്ത ലക്ഷ്യം റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ്. ജമ്മുകശ്മീരില്‍ കുറേ റോഹിങ്ക്യകളുണ്ട്. അവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് ഉദ്ദേശം. സിഎഎ അവര്‍ക്ക് സംരക്ഷണം നല്‍കില്ല. ബംഗാള്‍ വഴി നിരവധി സംസ്ഥാനങ്ങള്‍ കടന്നാണ് ജമ്മു കശ്മീരിലേക്ക് ഈ റോഹിങ്ക്യകള്‍ എത്തിയിട്ടുള്ളതെന്നും മന്ത്രി. സര്‍ക്കാര്‍ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഹിങ്ക്യക്കാരെ തിരിച്ചയ്ക്കുന്നതു സംബന്ധിച്ച പദ്ധതി തയാറാക്കി കൊണ്ടിരിക്കുകയാണ്. തിരിച്ചക്കപ്പെടേണ്ടവരുടെ പട്ടിക ഉടന്‍ തയാറാക്കും. മ്യാന്മാറില് നിന്ന് നുഴഞ്ഞുകയറിയവര്‍ അങ്ങോട്ടേക്കു തന്നെ തിരികെ പോകേണ്ടി വരും. റോഹിങ്ക്യക്കാര്‍ എങ്ങനെയാണ് അനധികൃതമായി യാത്ര ചെയ്തു ജമ്മു കശ്മീരിലേക്ക് എത്തുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും മന്ത്രി. ഇത്തരക്കാരെ കശ്മീരില്‍ താമസിപ്പിക്കുന്നതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പിന്തുണ ഉണ്ടോ എന്നും അന്വേഷിക്കും. ജമ്മു സാംബ ജില്ലകളിലായി 13,700 ല്‍ അധികം റോഹിങ്ക്യന്‍ മുസ്ലിങ്ങളും ബംഗ്ലാദേശി പൗരന്മാരുമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: