കൊച്ചി: പരിഹരിക്കപ്പെടുമെന്ന് കരുതിയിരുന്ന നിര്‍മാതാക്കളും ഷെയിന്‍ നിഗവുമായുള്ള തര്‍ക്കം വീണ്ടും വിവാദങ്ങളിലേക്ക്. പ്രശ്നങ്ങള്‍ പരിഹാരത്തിന് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നതായിരുന്നു നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ച ഉപാധി. എന്നാല്‍ കൂടുതലായി ആവശ്യപ്പെട്ട പണം നല്‍കാതെ ഡബ്ബിങിന് എത്തില്ല എന്നാണ് ഷെയിന്റെ നിലപാട്. ഡബ്ബിങ്ങുമായി സഹകരിക്കാമെന്ന് ഷെയിന്‍ നേരത്തേ വാക്കു നല്‍കിയിരുന്നതായി നിര്‍മാതാക്കള്‍ പറയുന്നു.
പുതുമുഖ സംവിധായകന് ജീവന് ജോജോ സംവിധാനം ചെയ്ത ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ്ങില്‍ നിന്നാണ് ഷെയിന്‍ പിന്മാറിയിരിക്കുന്നത്. ആറാം തീയതിക്കുള്ളില്‍ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തീകരിക്കണമെന്നായിരുന്നു നിര്‍മാതാക്കളുമായി ഉണ്ടാക്കിയ ധാരണ. ഇത് സംബന്ധിച്ച് ഷെയിന്‍ കത്തയച്ചിരുന്നതായും നിര്‍മാതാക്കള്‍ പറയുന്നു.
നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന വിവാദ പരാമര്‍ശം നടത്തിയതില്‍ ഷെയിന്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രശ്നപരിഹാതകത്തിനായി താരസംഘടന അമ്മ തയ്യാറെടുക്കവെയാണ് ഡബ്ബിങ്ങിനെ ചൊല്ലി അടുത്ത വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. സംഭവത്തില്‍ പ്രശ്ന പരിഹാരത്തിനായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുതിര്‍ന്ന സിനിമാ താരങ്ങള്‍ ഇടപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: