മൂഡബിദ്രി: 20 കിലോമീറ്റര്‍ നടത്തത്തില്‍ റെക്കോഡോടെ പൊന്നണിഞ്ഞപ്പോഴും കെ.ടി. ജുനൈദിന്റെ മനസ്സിലെ സ്വപ്നംഒളിമ്പിക്സാണ്. ഒളിമ്പ്യനും മലയാളിയുമായ കെ.ടി. ഇര്ഫാന് നല്കുന്ന മാര്‍ഗനിര്‍ദ്ദേശത്തിലൂടെയാണ് ജുനൈദ് സ്വപ്നം ലക്ഷ്യമാക്കി നടക്കുന്നത്. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഒരു മണിക്കൂര്‍ 26:39.78 മിനിറ്റിലാണ് ജുനൈദ് റെക്കോഡ് സ്വന്തമാക്കി നടന്നുകയറിയത്.
ഹരിയാനയിലെ പച്ച്ഗാവ് എന്ന കുഗ്രാമത്തിലെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നാണ് ജുനൈദിന്റെ വരവ്. കര്‍ഷകരായ അയൂബ് ഖാന്-റോഷ്നി ദമ്പതികളുടെ എട്ടു മക്കളിലെ മൂത്ത പുത്രന്. കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് ഗ്രാമത്തിന് സമീപത്തെ നൂഹുമല നിരകളിലൂടെ ചുറ്റിക്കറങ്ങലായിരുന്നു പ്രധാന ഹോബി. ഇതിനിടെയാണ് പരിശീലകനായ അജയ് റാഠി ജുനൈദിലെ കായിക താരത്തെ കണ്ടെത്തുന്നത്. ഇതോടെ അത്ലറ്റാവാന്‍ മോഹമുണ്ടായിരുന്ന ജുനൈദ് നല്ലനടപ്പ് തുടങ്ങി. ഇതിനിടെ വീട്ടിലെ ദാരിദ്ര്യം താരത്തെ ട്രാക്കില്‍ നിന്നും പിന്നോട്ടു വലിച്ചു. കായികമോഹങ്ങള്‍ പാതിയില്‍ ഉപേക്ഷിച്ച ജൂനൈദ് പിതാവിനെ കൃഷിയില്‍ സഹായിക്കാനിറങ്ങി. ഒടുവില്‍ ഏറെ കഷ്ടപ്പെട്ട് വീണ്ടും ട്രാക്കിലേക്കിറങ്ങി. ഹരിയാനയിലെ റോത്തകില്‍ നടന്ന 2018-ലെ ദേശീയ സ്കൂള്‍ കായിക മേളയില്‍ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ റെക്കോഡോടെ സ്വര്‍ണം നേടി . റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ 10 കിലോമീറ്റര്‍ നടത്തത്തിലും ദേശീയ റെക്കോഡ് നേടി. ഇതിനു പിന്നാലെയാണ് ആല്‍വാസ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ സ്പോണ്‍സര്‍ഷിപ്പിലേക്ക് ജുനൈദ് വരുന്നത്. ആല്‍വാസ് കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. അധികം കഴിയും മുന്‍പേ ഇന്ത്യന്‍ ക്യാമ്പിലേക്കുള്ള വിളിയുമെത്തി. ഇന്ത്യയുടെ വിദേശ പരിശീലകന് അലക്സാണ്ടര്‍ ആക്ഷിബക്ഷിക്കും പരിശീലകന് ഗുര്‍മീത് സിങിനും കീഴിലാണ് പരിശീലനം. ബംഗളൂരുവിലെ ഇന്ത്യന്‍ ക്യാമ്പില്‍ കെ.ടി. ഇര്‍ഫാനെ കണ്ടുമുട്ടിയത് കായിക ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ജുനൈദ് പറഞ്ഞു. ടോക്കിയോ ഒളിംപിക്സ് ട്രാക്കാണ് ജുനൈദിന്റെ ലക്ഷ്യം. ഫെബ്രുവരിയില്‍ റാഞ്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര വാക്കിങ് ചാമ്പ്യന്‍ഷിപ്പിലും ജപ്പാന് ആതിഥ്യമേകുന്ന ഏഷ്യന്‍ വാക്കിങ് ചാമ്പ്യന്‍ഷിപ്പിലും ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമാക്കി ജുനൈദ് നടക്കാനിറങ്ങും. ഈ ചാമ്പ്യന്‍ഷിപ്പിലൂടെ യോഗ്യത നേടാനാകുമെന്ന വിശ്വാസത്തിലാണ് ജുനൈദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: