ന്യൂദല്‍ഹി: രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളാണെന്നും ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങളില്ലാത്തത് ഇതിന് തെളിവാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിഎഎ എങ്ങനെയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളേയും പാവപ്പെട്ടവരേയും ബാധിക്കുക എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ കത്തുമ്പോഴും അക്രമങ്ങള്‍ അരങ്ങേറുമ്പോഴും പോലീസിന് കൈയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ല. പ്രതിപക്ഷം സ്പോണ്സര് ചെയ്ത അക്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ജനങ്ങള്‍ ഈ കെണിയില്‍ വീഴരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ബിജെപി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നില്ല എന്നത് ആരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കണമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: