ജെയ്പൂര്‍: നൂറോളം നവജാത ശിശുക്കള്‍ മരിച്ച കോട്ടയിലെ ജെ.കെ. ലോന് ആശുപത്രി സന്ദര്‍ശിക്കാനായി സംസ്ഥാന മന്ത്രിക്ക് പരവതാനി വിരിച്ച് അധികൃതര്‍. തുടര്‍ച്ചയായി നവജാത ശിശുക്കളുടെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മ്മ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നത്.
മന്ത്രി സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിഞ്ഞ് അധികൃതര്‍ ആശുപത്രി കവാടത്തില്‍ സ്വാഗതം ചെയ്യുന്നതിനായി പച്ച പരവതാനി വിരിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന മാധ്യമങ്ങള്‍ ഇതിന്റെ ചിത്രങ്ങള്‍ എടുക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ആശുപത്രി അധി്കൃതര് പരവതാനി മാറ്റി.
2019 ഡിസംബര്‍ മാസം മുതലുള്ള കണക്കുകള്‍ പ്രകാരം നൂറിലധികം നവജാതശിശുക്കളാണ് കോട്ടയിലെ ജെ.കെ. ലോന് സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും നടത്താത്തതിനെ തുടര്‍ന്ന് ബിജെപി ഇതിനെ രുക്ഷമായി വിമര്‍ശിച്ചിരുന്നു. വലിയ കാര്യങ്ങള്‍ പറയുന്ന കോണ്‍ഗ്രസ് സ്വന്തം സംസ്ഥാനത്ത് ഇപ്പോഴും മരണങ്ങളുടെ കണക്കെടുപ്പിലാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍.
കൂടാതെ 100 കുഞ്ഞുങ്ങളുടെ ദാരുണമരണം അത്യന്തം ദുഃഖകരവും ഹൃദയഭേദകവുമാണ്. സ്ത്രീകളായിട്ടും സോണിയാ ഗാന്ധിക്കും മകള്‍ പ്രിയങ്കയും ആ അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നത് ഏറെ പരിതാപകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചു.
ഇതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ മരിച്ചതില്‍ ദുഃഖമുണ്ടെന്നും വിഷയം രാഷ്ട്രീയ വത്കരിക്കരുതെന്നും പറഞ്ഞ് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് ട്വിറ്ററിലൂടെ അറിയിച്ചു. നവജാത ശിശുമരണനിരക്ക് കുറഞ്ഞിട്ടുണ്ട്. ഇനിയും കുറയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. രാജസ്ഥാനില്‍ ആദ്യമായി കുട്ടികള്‍ക്കു വേണ്ടിയുള്ള ഐസിയുസ്ഥാപിച്ചത് 2003ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും 2011ല്‍ കോട്ടയില്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഐസിയു സ്ഥാപിച്ചതും തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ലക്ഷ്യം ആരോഗ്യമുള്ള രാജസ്ഥാനാണെന്നുമായിരുന്നു ഗേഹ്ലോട്ടിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: