ന്യൂദല്ലി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇര്ഫാന് ഹബീബ് ആക്രമിച്ച സംഭത്തില്‍ സംസ്ഥാനം നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ പോലീസോ സംസ്ഥാന ആഭ്യന്തരവകുപ്പോ നിയമ നടപടികളൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അമിത് ഷായുടെ പ്രതികരണം. വിഷയം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും ഭരണ ഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് നേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് കേരള ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെ ഗൗരവകരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ സംഘടിപ്പിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരേ ഇര്ഫാന് ഹബീബിന്റെ ഭാഗത്ത് നിന്ന് കയ്യേറ്റശ്രമം ഉണ്ടായത്. വേദിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഗവര്‍ണറിന് നേരെ ആക്രോശിച്ചു കൊണ്ട് ഇര്ഫാന് ഹബീബ് അടുക്കുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇര്‍ഫാനെ വേദിയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. കടുത്ത പ്രോട്ടോ കോള്‍ ലംഘനമാണ് നടന്നതെന്നും വേദിയില്‍ ഉണ്ടാകേണ്ട വ്യക്തികളുടെ ലിസ്റ്റില്‍ ഇര്ഫാന് ഹബീബിന്റെ പേര് ഇല്ലായിരുന്നുവെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയിട്ടും കേരള സര്‍ക്കാരിന്റേയോ പോലീസിന്റെയോ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന് പരാതി പോയിരുന്നു. സാമൂഹ്യ നീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എന്‍.ആര് സുധാകരനാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: