തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന് ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡേ-എന്‍.യു.എല്‍.എം) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2018-19ലെ ‘സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങില്‍ കേരളത്തിന്റെ കുടുംബശ്രീക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആന്ധ്രപ്രദേശിനാണ് ഒന്നാം സ്ഥാനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നഗരമേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനാണ് പുരസ്കാരം. ദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ ഇക്കഴിഞ്ഞ 30ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയില്‍ നിന്നും എന്‍യുഎല്‍എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ കെ.ബി.സുധീര്‍, ടി.ജെ ജെയ്സണ്‍ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. മികവിനുള്ള അംഗീകാരമായി ഒമ്പതു കോടി രൂപയും കുടുംബശ്രീക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. ഈ തുക പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനായി വിനിയോഗിക്കും.
എന്‍യുഎല്‍എം പദ്ധതി പ്രകാരം ഇതിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്റെ കീഴിലും കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയും കേന്ദ്ര മന്താലയത്തിന്റെ ഡേ-എന്യുഎല്എംഎം വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. തൊഴില്‍ നൈപുണ്യ പരിശീലനം ലഭിച്ചവര്‍, തൊഴില്‍ ലഭിച്ചവര്‍ എന്നിവരുടെ എണ്ണം, നൈപുണ്യ പരിശീലനം ലഭിച്ച പട്ടികജാതി പട്ടിക വര്‍ഗ, ന്യൂന പക്ഷ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം, പുതുതായി രൂപീകരിക്കേണ്ടതും രൂപീകരിച്ചതുമായ അയല്‍ക്കൂട്ടങ്ങളുടെ എണ്ണം, വിതരണം ചെയ്ത വിവിധ വായ്പകള്‍, തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ ആവശ്യമായ സംരംഭങ്ങളുടെ എണ്ണം, തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കിയ തെരുവു കച്ചവടക്കാരുടെ എണ്ണം, ഓരോ ഘടകത്തിന്റെയും കീഴിലുള്ള ഫണ്ട് വിനിയോഗം, പദ്ധതിയിലെ നിര്‍ദേശ പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട് ഇങ്ങനെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇപ്രകാരം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് മികവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കുടുംബശ്രീ രണ്ടാമതെത്തിയത്. ഇതില്‍ നൈപുണ്യ പരിശീലനം എന്ന ഘടകത്തില്‍ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കാനും കുടുംബശ്രീക്ക് സാധിച്ചു.
2017-18 ല്‍ കുടുംബശ്രീക്ക് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ആറു കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതു വഴി വാര്‍ഷിക പദ്ധതി വിഹിതമായ 30.99 കോടി രൂപയ്ക്കൊപ്പം പ്രത്യേക സമ്മാനമായി ഒമ്പതു കോടി രൂപയും പദ്ധതിക്കായി ലഭിച്ചു. ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ നല്കല്, കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്താന്‍ അയല്‍ക്കൂട്ട രൂപീകരണം എന്നിവയ്ക്കായി ഈ ഫണ്ട് പ്രയോജനപ്പെടുത്തും. കൂടാതെ തെരുവു കച്ചവടക്കാര്‍ക്കു വേണ്ടി വെന്‍ഡിങ്ങ് മാര്‍ക്കറ്റുകള്‍, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയുടെ നിര്‍മാണത്തിനും ഈ തുക വിനിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: