കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ മാപ്പിള ലഹളയെയും മതവികാരത്തെയും ഉപയോഗിക്കാന്‍ ആസൂത്രിത നീക്കം. ഡിവൈഎഫ്ഐ, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ സംഘടിപ്പിക്കുന്ന സമരങ്ങളിലാണ് മാപ്പിള ലഹളയുടെ കേന്ദ്രങ്ങളെയും മുദ്രാവാക്യങ്ങളെയും ബോധപൂര്‍വം തിരുകിക്കയറ്റുന്നത്.
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ചിന്റെ പോസ്റ്ററില്‍ മാപ്പിള ലഹളയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ്. മാര്‍ച്ച് ആരംഭിക്കുന്നത് തിരൂരില്‍ നിന്നാണെങ്കിലും വാഗണ്‍ ട്രാജഡി കേന്ദ്രമെന്നാണ് തിരൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നാലിന് ആരംഭിക്കുന്ന മാര്‍ച്ച് ആറിന് കോഴിക്കോട് സമാപിക്കും. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. യൂത്ത് ലീഗിന്റെ മാര്‍ച്ച് പൂക്കോട്ടൂരില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട്ടാണ് സമാപിച്ചത്. വിവിധ മുസ്ലിം സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനങ്ങളിലും മുസ്ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട സൂക്തങ്ങളും തക്ബീര്ധ്വനികളുമാണ് മുഴക്കുന്നത്. എസ്ഡിപി
ഐ, പോപ്പുലര്‍ ഫ്രണ്ട് മുതലായ സംഘടനകള്‍ സംഘടിപ്പിക്കുന്ന സമരങ്ങളില്‍ ഇത് പ്രകടമാണ്. മാപ്പിള ലഹളക്കാലത്തെ മുസ്ലിം സമുദായത്തിന്റെ വേഷങ്ങളും ആയുധങ്ങളും ധരിച്ചുകൊണ്ടുള്ള നിശ്ചല ദൃശ്യങ്ങളും പ്രകടനത്തിന്റെ ഭാഗമായുണ്ട്.
മതവികാരം ചൂഷണം ചെയ്തുള്ള സമരം അതിര് വിടുന്നുവെന്ന വിമര്‍ശനവുമുണ്ട്. കടുത്ത ഇസ്ലാം ഭീതി (ഇസ്ലാമോ ഫോബിയ) പ്രകടിപ്പിക്കുന്നുവെന്ന് വിമര്‍ശിച്ച് ഒരു വിഭാഗം സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യവുമുണ്ടായി. ജനുവരി ഒന്നിന് കോഴിക്കോട്ട് സംഘടിപ്പിച്ച പീപ്പിള്‍സ് ലോങ് മാര്‍ച്ചില്‍ അഭിപ്രായ വ്യത്യാസം മറനീക്കിയിരുന്നു. ജാമിയ മിലിയ വിദ്യാര്‍ഥികളായ അയിഷ റെന്ന, ലദീദ എന്നിവരെ പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി.
കോഴിക്കോട്ട് നടന്ന ലോങ് മാര്‍ച്ചിന്റെ സമാപനം ലദീദയോ അയിഷയോ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു വിഭാഗം രംഗത്തെത്തി. സമവായത്തിനുള്ള ചര്‍ച്ച നടന്നെങ്കിലും ഭിന്നിപ്പ് രൂക്ഷമാവുകയായിരുന്നു. മതവികാരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ സമരങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാനാവൂയെന്ന അവസ്ഥയിലാണ് സംഘടനകള്‍. കോഴിക്കോട്ട് വെള്ളിയാഴ്ചകളില്‍ അരങ്ങേറുന്ന സമരവും ഇതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: