കോഴിക്കോട്: മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടാനുള്ള ദുരുദ്ദേശമാണ് ഇന്നലെ നിയമസഭ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിന് പിന്നിലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴിക്കോട്ട് ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഒരെതിര്‍പ്പും പ്രകടിപ്പിക്കാത്ത പിണറായി വിജയനും രമേശ് ചെന്നിത്തലയും ഇപ്പോള്‍ രംഗത്ത് വന്നത് എന്തിനെന്ന് വ്യക്തമാക്കണം. ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പ്രധാനമാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഭരണഘടനക്കെതിരെ പ്രവര്‍ത്തിക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയും പ്രമേയം പാസാക്കിയും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് വീണ്ടും വിഭജനം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ശ്രമിക്കുന്നത്. മുസ്ലിം മതമൗലികവാദ തീവ്രവാദ സംഘടനകളുടെ ചട്ടുകമായി ഇവര്‍ മാറി.
ദേശീയ പൗരത്വ ഭേദഗതി നിയമം മൂലം ഭാരതത്തിലെ ഏതെങ്കിലും ഒരു മുസ്ലിം പൗരന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവരുടെ രക്ഷയ്‌ക്ക് ബിജെപിയുണ്ടാകും. മുസ്ലിം സമൂഹത്തിന് വിശ്വസിക്കാവുന്ന ഏക പാര്‍ട്ടി ബിജെപി മാത്രമാണ്. ദില്ലിയിലും ജാമിയ മില്ലിയയിലും പ്രക്ഷോഭം പരാജയപ്പെട്ടപ്പോഴാണ് ചിലര്‍ കേരളത്തിലെത്തി സമരം നടത്തുന്നത്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണറെ കൈയേറ്റം ചെയ്തത് ഇത്തരം ശക്തികളാണ്. പിണറായിയും ചെന്നിത്തലയും അസഹിഷ്ണുതയുടെ വക്താക്കളായെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുള്ളക്കുട്ടി, വി.കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു.
















