മനോ മത്തഗജേന്ദ്രസ്യ
വിഷയോദ്യാനചാരിണ:
സമര്ത്ഥോയം നിയമനേ
നിനാദ നിശിതാങ്കുശ: 4 91
വിഷയോദ്യാനത്തില്‍ മദിച്ചു നടക്കുന്ന മനസ്സാകുന്ന ആനയെ, നാദമാകുന്ന കൂര്‍ത്ത തോട്ടി കൊണ്ട് തളക്കാന്‍ കഴിയും.
ശബ്ദ സ്പര്‍ശ രൂപ രസ ഗന്ധങ്ങളെ മനസ്സാകുന്ന മദയാനയ്ക്കു തിമിര്‍ത്തു നടക്കാനുള്ള പൂന്തോപ്പായി കല്‍പ്പിച്ചിരി ക്കുന്നു. മനസ്സ് ഭൗതിക സുഖങ്ങളില്‍ ആകൃഷ്ടരാവുന്നത് ഇന്ദ്രിയങ്ങളിലൂടെ ശബ്ദാദികളായ വിഷയങ്ങളില്‍ മുഴുകുമ്പോഴാണ്. അപ്പോള്‍ മനസ്സ് മദമിളകിയ ആനയെപ്പോലെയാണ്. നിയന്ത്രിക്കാന്‍ പ്രയാസമാണ്. കാമങ്ങളെ താലോലിച്ചുകൊണ്ട് അത് യഥേഷ്ടം വിഹരിക്കുന്നു.
ആനയെ നിയന്ത്രിക്കുന്നത് അതിന്റെ കാലില്‍ കൂര്‍ത്തു മൂര്‍ത്ത തോട്ടികൊണ്ട് കുത്തി വലിക്കുമ്പോഴാണ്. ഇവിടെ നിനാദമാണ്, അനാഹത ശബ്ദമാണ് അങ്കുശം, തോട്ടി. അത് മദയാനയെ പിന്തിരിപ്പിക്കാന്, മനസ്സിനെ നിയന്ത്രിക്കാന്‍ സമര്‍ഥമാണ്. ഇതു തന്നെ പ്രത്യാഹാരം.
‘വിഷയേഷു ചരതാം (വിഷയങ്ങളില്‍ മേഞ്ഞു നടക്കുന്ന) ചക്ഷുരാദീനാം (കണ്ണ്, മൂക്ക് മുതലായ ഇന്ദ്രിയങ്ങളെ) തേഷാം യഥാക്രമം പ്രത്യാഹരണം ( യഥാക്രമം ഉള്ളിലടക്കുന്നതു തന്നെ) പ്രത്യാഹാര: പ്രകീര്‍ത്തിത: (പ്രത്യാഹാരമെന്നറിയ പ്പെടുന്നു.)
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ യോഗത്തിന് എട്ടംഗങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. അവയില്‍ ആദ്യത്തെ അഞ്ചംഗങ്ങളെ ബഹിരംഗങ്ങള്‍ ( പുറത്തുള്ളവ ) എന്നും ബാക്കി മൂന്നെണ്ണം അന്തരംഗങ്ങള്‍ എന്നും പറയും. എന്നാല്‍ സൂക്ഷ്മദൃഷ്ടിയില്‍ അഞ്ചാമത്തേത്, പ്രത്യാഹാരം, ബഹിരംഗവും അന്തരംഗവു മാണെന്നു കാണാം.
ബദ്ധം തു നാദബന്ധേന
മനഃ സന്ത്യക്ത ചാപലം
പ്രയാതി സുതരാം സ്ഥൈര്യം
ഛിന്ന പക്ഷ: ഖഗോ യഥാ 4 92
നാദമാകുന്ന കെട്ടില്‍ പെട്ട മനസ്സ് അതിന്റെ ചാപല്യം കളഞ്ഞ് ഒരിടത്തുറച്ചിരിക്കുന്നു, ചിറകു പോയ പക്ഷിയെ പോലെ. ഖം എന്നാല്‍ ആകാശം. അതില്‍ ഗമിക്കുന്നത് ഖഗം, പക്ഷി. ആകാശത്തിലെ പറവയാണല്ലൊ പക്ഷി. ഇതേ കാരണത്താല്‍ സൂര്യനും ഖഗമെന്നു പേരുണ്ട്. ‘ഓം ഖഗായ നമഃ’ എന്ന് നാം സൂര്യനെ നമസ്കരിക്കുന്നുണ്ട്. ഒരു തടസ്സവുമില്ലാതെ പറന്നു കളിക്കുന്നു, പക്ഷി. എന്നാല്‍ ചിറകു പോയാല്‍ അത് ജടായുവിനെപ്പോലെ താഴെ വീണു കിടക്കും. നാദമാണ് ഇവിടെ ചിറകരിയുന്ന വജ്രായുധം.
പണ്ട് പര്‍വതങ്ങള്‍ക്ക് ചിറകുണ്ടായിരുന്നു വെന്നും അവ പറന്നു നടന്നിരുന്നുവെന്നും കഥ. ഇന്ദ്രനാണ് വജ്രായുധം കൊണ്ട് അവയുടെ ചിറകരിഞ്ഞുകളഞ്ഞ് ഒരിടത്തിരുത്തിയത്. മൈനാക പര്‍വതം മാത്രം അന്നു കടലിലൊളിച്ചു ചിറകു നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്രെ. ഈ മൈനാകമാണ് ഹനുമാന്റെ ലങ്കയിലേക്കുള്ള ചാട്ടത്തില്‍ വഴിക്കു കടലില്‍ നിന്നുയര്‍ന്നു വന്ന് വിശ്രമ മൊരുക്കിയത്.
മനസ്സ് പറന്നു നടക്കുന്നത് വിഷയങ്ങളിലാണ്. സഹായി ഇന്ദ്രിയങ്ങളും. ഇന്ദ്രിയങ്ങളുടെ ശ്രദ്ധ, ആഭിമുഖ്യം വിഷയങ്ങളോടാണ്, ഭോഗവസ്തു ക്കളോടാണ്. ആ ശ്രദ്ധയെ നാദത്തിലേക്ക് വലിച്ചടുപ്പിച്ചാല് അവിടെ കെട്ടിയിട്ടാല്‍ പിന്നെ മനസ്സിന് പറന്നു നടക്കാന്‍ കഴിയില്ല. അത് സ്ഥിരമായി ഒരിടത്തൊതുങ്ങി യിരിക്കും.
ഇത് അഷ്ടാങ്ഗ യോഗത്തിലെ ‘ധാരണ’ തന്നെ. ‘ദേശബന്ധ: ചിത്തസ്യ ധാരണാ’ (ചിത്തത്തെ ഒരു ദേശത്ത് ബന്ധിച്ചിടുന്നതാണ് ധാരണ )
പ്രാണായാമേന പവനം (പ്രാണായാമം കൊണ്ട് പ്രാണനെയും), ‘പ്രത്യാഹാരേണ ചേന്ദ്രിയം’ (പ്രത്യാഹാരം കൊണ്ട് ഇന്ദ്രിയങ്ങളെയും ) വശീകരിച്ചിട്ട് ‘ശുഭാശ്രയേ ചിത്തസ്ഥാപനം കുര്യാത്.’ (മനസ്സിനെ ശുഭമായ ആശ്രയത്തില്‍ സ്ഥാപിക്കണം). ഇതു തന്നെ ധാരണ.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: