ന്യൂദല്‍ഹി: പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. ഭീകരരെ മുന്‍നിര്‍ത്തി യുദ്ധം നടത്തി ലോകത്തെ വിഡ്ഢികളാക്കാന്‍ പാകിസ്ഥാനെ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഭാരതം മുന്‍കാലങ്ങളില്‍ ഭീകരപ്രവര്‍ത്തങ്ങളുടെ ഇരയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് ലോകം ബോധവാന്മാരാണെന്നും നര്‍വാനെ പറഞ്ഞു. ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിര്‍ത്തല്‍ നിയമലംഘനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, നിയന്ത്രണ രേഖയില്‍ എല്ലാ നുഴഞ്ഞുകയറ്റ ശ്രമങ്ങളും പരാജയപ്പെടുത്താന്‍ സൈന്യം പൂര്‍ണമായും തയ്യാറാണെന്ന് പറഞ്ഞു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ അടുത്തിടെ നടന്ന വുഹാന്‍ ഉച്ചകോടി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തന സന്നദ്ധത നിലനിര്‍ത്തുന്നതിനാണ് കരസേനാ മേധാവിയെന്ന നിലയില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതു രീതിയിലും പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യ തയ്യാറാണ്. കശ്മീര്‍ പുനസംഘടനക്ക് ശേഷം അവിടുത്തെ ഭീകരപ്രവര്‍ത്തനം കുറഞ്ഞു. ഏതു വിധത്തിലുമുള്ള വെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണെന്നും നര്‍വാനെ പറഞ്ഞു. ഡിസംബര്‍ 31 നാണ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ 28ാമത് കരസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്ന് ചുമതലയേറ്റു. മഹാരാഷ്‌ട്രയില്‍ നിന്നുള്ള ജനറല്‍ നരവനെ 1980ല്‍ ഏഴാം സിഖ് ലൈറ്റ് ഇന്‍ഫെന്ററിയിലൂടെയാണ് കരസേനയില്‍ എത്തുന്നത്. അസം റൈഫിള്‍സിന്റെ കമാണ്ടന്റായും സേവനം അനുഷ്ടിച്ചു. ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ആയി നിയമിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥാനമാറ്റം.
















