പാണത്തൂര്‍: മലയോരത്തെ വനമേഖലകളില്‍ മൃഗവേട്ടയോ അനധികൃത പ്രവര്‍ത്തനങ്ങളോ നടക്കുന്നതായി അറിഞ്ഞാല്‍ പോലും കൃത്യമായി എത്താനാകാതെ വനപാലകര്‍. വിവരമറിഞ്ഞാല്‍ പലപ്പോഴും വാഹനങ്ങള്‍ വാടകയ്‌ക്ക് വിളിച്ച് പോകേണ്ട ഗതികേടിലാണ് ജീവനക്കാര്‍.
ജില്ലയില്‍ വനമേഖല കൂടുതലുള്ള മലയോരത്തെ മരുതോം, പനത്തടി, ഭീമനടി സെക്ഷന്‍ ഓഫീസുകള്‍ക്ക് വാഹനമനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കണമെന്ന ആവശ്യവും നീളുകയാണ്. മുന്‍പ് മലയോര പഞ്ചായത്തുകളില്‍ പുലി ഇറങ്ങുകയും പാണത്തൂര്‍ മേഖലയില്‍ ആനശല്യം രൂക്ഷമാവുകയും ചെയ്തതോടെ പനത്തടി സെക്ഷനിലേക്ക് താത്കാലികമായി വാഹനം ലഭ്യമാക്കിയിരുന്നു. എന്നാല്‍ പുലിശല്യം നീങ്ങിയതോടെ വാഹനവും തിരിച്ചുകൊണ്ടുപോയി.
നിലവില്‍ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിനു മാത്രമാണ് വാഹനം അനുവദിച്ചിട്ടുള്ളത്. സെക്ഷനുകളും റേഞ്ച് ഓഫീസുകളും തമ്മില്‍ 50 കിലോമീറ്ററോളം ദൂരക്കൂടുതലുള്ളതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഈ വാഹനത്തിന്റെ സേവനം ലഭിക്കുകയുമില്ല. വാഹനങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തതും മുതലെടുത്താണ് നായാട്ടുസംഘങ്ങളുടെ പ്രവര്‍ത്തനം.
കഴിഞ്ഞദിവസം വിനോദസഞ്ചാര കേന്ദ്രം കൂടിയായ റാണിപുരം വനമേഖലയിലെ മണിയാണി മലയില്‍ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
സംസ്ഥാനത്തെ വനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനംവകുപ്പിന്റെ പ്രത്യേക ഓഫീസും 24 മണിക്കൂറും സേവനത്തിന് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ റാണിപുരത്ത് ഇത്തരത്തില്‍ ഒരു സംവിധാനവും ഇല്ല. വൈകുന്നേരം അഞ്ചുമണിയോടെ റാണിപുരത്തുനിന്ന് വിനോദസഞ്ചാരികള്‍ മടങ്ങുന്നതോടെ വനംവകുപ്പ് ജീവനക്കാരും സേവനം പൂര്‍ത്തിയാക്കി മലയിറങ്ങും. പിന്നീട് വനത്തിലേക്ക് ആരു പ്രവേശിച്ചാലും ശ്രദ്ധിക്കാന്‍ സംവിധാനമില്ല. ഇതൊക്കെ മുതലാക്കിയാണ് നായാട്ടുസംഘങ്ങള്‍ കാട്ടുമൃഗങ്ങളുള്ള റാണിപുരം വനമേഖലയില്‍ മൃഗവേട്ടയ്‌ക്കെത്തുന്നത്.
വിനോദസഞ്ചാര കേന്ദ്രമെന്ന പരിഗണന നല്‍കി റാണിപുരത്ത് വനംവകുപ്പിന്റെ മുഴുവന്‍സമയ ഓഫീസ് വരികയും മറ്റ് സെക്ഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരെയും വാഹനങ്ങളും അനുവദിച്ചാല്‍ മൃഗവേട്ട ഒരു പരിധിവരെ തടയാന്‍ കഴിയും.
















