കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ഉദ്ഘാടനപ്രസംഗം തടസ്സപ്പെടുത്തിയ ബുദ്ധിജീവികള്‍ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരുദ്ധ അഭിപ്രായങ്ങളിലും അസഹിഷ്ണുതയുള്ളവരാണ് വേദിയിലും സദസ്സിലുമുണ്ടായിരുന്നത്. പ്രസംഗം തടസപ്പെടുത്തിയ അവരുടെ നീക്കം ജനാധിപത്യവിരുദ്ധമാണ്, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രതികരണത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ചരിത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനവേദിയെ വിവാദമാക്കരുതായിരുന്നു. പൗരത്വ ഭേഗദതി നിയമത്തെക്കുറിച്ച് ഇര്‍ഫാന്‍ ബഹീബ് ചില വാദങ്ങള്‍ ഉന്നയിച്ചു. ഈ വാദങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഇര്‍ഫാന്‍ ഹബീബ് ശാരീരികമായി ഗവര്‍ണറെ തടയാന്‍ ശ്രമിച്ചു. മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു സംസാരിച്ചതാണ് വേദിയില്‍ എഴുന്നേറ്റ് നിന്ന് ഇര്‍ഫാന്‍ ഹബീബ് ചോദ്യം ചെയ്തത്. ഗവര്‍ണര്‍ക്ക് അതിനുള്ള അവകാശമുണ്ട്. ഗോഡ്‌സെയെ ഉദ്ധരിച്ചു സംസാരിക്കൂ എന്നാണ് ഇര്‍ഫാന്‍ ഹബീബ് ആക്രോശിച്ചത്. ഗവര്‍ണറുടെ എഡിസിയേയും സുരക്ഷാ ഉദ്യോഗസ്ഥനേയും ഇര്‍ഫാന്‍ ഹബീബ് തള്ളിമാറ്റി. വീഡിയോ ദൃശ്യങ്ങള്‍ ഇതിനു തെളിവാണ്, ട്വീറ്റില്‍ പറയുന്നു.
മുന്‍ പ്രാസംഗികര്‍ ഉന്നയിച്ച വാദങ്ങളോട് പ്രതികരിച്ചെന്നും ഗവര്‍ണറുടെ ട്വീറ്റില്‍ പറയുന്നു. ഭരണഘടനയെ പ്രതിരോധിക്കേണ്ടതും സംരക്ഷിക്കേണ്ടതും വ്യക്തിയെന്ന നിലയില്‍ തന്റെ കടമയാണെന്നും ട്വീറ്റില്‍ തുടരുന്നു.
ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആള്‍ എന്ന നിലയില്‍ ഭരണഘടനയ്‌ക്കും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനും എതിരായി തന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി നല്‍കേണ്ട ബാധ്യതയുണ്ടെന്ന് നേരത്തേ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കുറച്ച് കാലമായി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ അസഹിഷ്ണുത വര്‍ധിച്ചുവരികയാണ്. സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും വാതില്‍ കൊട്ടിയടക്കുന്നത് അക്രമത്തിനാണ് വഴിവെയ്‌ക്കുക.
ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ വിവാദ രാഷ്‌ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചത് അനുചിതമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ബിസിനസ് സെഷനുകളിലാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ്. സമാധാനപരമായി വിയോജിപ്പ് പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അക്രമങ്ങള്‍ നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും ശ്രമിക്കുന്നത് ശരിയല്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ സംവാദങ്ങള്‍ക്ക് താല്‍പര്യം കാണിക്കുന്നില്ല. കോഴിക്കോട് പ്രതിഷേധിക്കാനെത്തിയവരെ ചര്‍ച്ചയ്‌ക്ക് വിളിച്ചപ്പോള്‍ തങ്ങള്‍ ചര്‍ച്ചക്കല്ല, പ്രതിഷേധിക്കാനാണ് വന്നതെന്നായിരുന്നു പ്രതികരണം, ഗവര്‍ണര്‍ പറഞ്ഞു.
















