ആലപ്പുഴ: ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതിന്റെ അവകാശത്തര്‍ക്കത്തില്‍ സിപിഎമ്മും, സിപിഐയും നേര്‍ക്കുനേര്‍. തങ്ങളാണ് ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതെന്ന് കൊട്ടിഘോഷിച്ച് കഴിഞ്ഞ 14ന് ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയെ പങ്കെടുപ്പിച്ച് സിപിഎം സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി സിപിഐ സര്‍ക്കാരും, മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനുമാണ് ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതെന്ന് അവകാശപ്പെട്ട് സിപിഐ അടുത്ത മാസം വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കുന്നത്.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമത്തില്‍ ഒപ്പിടാന്‍ രാഷ്‌ട്രപതി വിസമ്മതിച്ചപ്പോഴാണ് സിപിഎം നേതൃത്വത്തില്‍ 1969 ഡിസംബര്‍ 14ന് എകെജിയുടെ നേതൃത്വത്തില്‍ അറവുകാട് സമ്മേളനം സംഘടിപ്പിച്ചതെന്നും, തുടര്‍ന്ന് നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കിയതെന്നുമാണ് സിപിഎമ്മിന്റെ അവകാശവാദം. ഇതിന്റെ ഭാഗമായാണ് പുന്നപ്ര അറവുകാട് ക്ഷേത്രമൈതാനത്ത് അറവുകാട് സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികം സിപിഎം കൊണ്ടാടിയത്. ജന്മി ഗുണ്ടകളും പോലീസും അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. നിരവധി പേര്‍ രക്തസാക്ഷികളായെന്നും സിപിഎം അവകാശപ്പെടുന്നു. അന്നു കേരളം ഭരിച്ചിരുന്നത് സിപിഐ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു.
എന്നാല്‍, സിപിഐ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. 40 ലക്ഷം കുടിയാന്മാരെ ഭൂമിയുടെ ഉടമകളാക്കി മാറ്റിയ ഭൂപരിഷ്‌കരണ നിയമം രൂപപ്പെടുത്താന്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് 1957ല്‍ സിപിഐ നിയോഗിച്ച സമിതിയുടെ കണ്‍വീനര്‍ സി. അച്യുതമേനോന്‍ ആയിരുന്നു. ഇംഎംഎസ് മുഖ്യമന്ത്രിയായിരുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലായിരുന്നു. പിന്നീട് 1964ലാണ് സിപിഎം രൂപം കൊള്ളുന്നത്. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1970 ജനുവരി ഒന്നിനാണു നിയമം നടപ്പാക്കിയതെന്നും സിപിഐ അവകാശപ്പെടുന്നു. താനാണ് ഭൂപരിക്കരണം നടപ്പാക്കിയതെന്ന കെ.ആര്‍. ഗൗരിയമ്മയുടെയും, സിപിഎമ്മിന്റെയും അവകാശവാദത്തെ പൂര്‍ണമായും തള്ളി അച്യുതമേനോനാണ് ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പിതൃത്വം സിപിഐ നല്‍കുന്നത്. നിയമം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷമാണ് സിപിഐ ജനുവരിയില്‍ നടത്തുക.
















