വാഴൂര്‍ (കോട്ടയം): നിര്‍ദ്ധനരായ വയോജനങ്ങള്‍ക്ക് താങ്ങായി കോട്ടയം വാഴൂരില്‍ പുണ്യം ട്രസ്റ്റ് നിര്‍മ്മിച്ച വാനപ്രസ്ഥ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ എ.ആര്‍. മോഹനന്‍ നിര്‍വഹിച്ചു.
സ്വാഗതസംഘം അധ്യക്ഷന്‍ വി.ആര്‍. സുകുമാരന്‍ നായര്‍ അധ്യക്ഷനായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ബി. രാധാകൃഷ്ണ മേനോന്‍ യോഗാകേന്ദ്രം ഉദ്ഘാടനം ചെയ്തു. പകല്‍ വീടിന്റെ ഉദ്ഘാടനവും ആദരിക്കലും ഡോ.എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.
വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്. പുഷ്‌കലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. വിജയകുമാര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡംഗം റവ.ഫാ. റോയ് വടക്കേല്‍, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കെ.പി. സുരേഷ്, കെ.എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചാണ് മന്ദിരത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം. 10,362 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലായി 16 മുറികളുണ്ട്. ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം രൂപ നിര്‍മ്മാണത്തിന് ചെലവായി. പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്. ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. സമീപത്തെ വയോജനങ്ങള്‍ക്കായി പകല്‍വീടും ഒരുക്കിയിട്ടുണ്ട്.
















