മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കറാന്‍ ശ്രമിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെയും പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തിനിടെയാണ് സംഭവം. പുലര്‍ച്ചെ ഏഴു മണി മുതല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം തുടങ്ങിയിരുന്നു. 10 മണിയോടെയാണ് മുനീര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയത്. ഉദ്ഘാടനത്തിനു പിന്നാലെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫിസ് വളപ്പില്‍ കയറാന്‍ ശ്രമം നടത്തിയതോടെ സംഘര്‍ഷമുണ്ടായി.
പോസ്റ്റ് ഓഫിസ് വളപ്പില്‍ കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെ മുനീറും ഫിറോസും അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേതാക്കളെ അറസ്റ്റു ചെയ്തുകൊണ്ടുപോയ പോലീസ് വാഹനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമമുണ്ടായി. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. റോഡില്‍ കിടന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു.
















