വാഷിംഗ്ടണ്‍: ഭീകരതയ്‌ക്കെതിരെ പോരാടാന്‍ തന്ത്രപ്രധാനമായ പ്രതിരോധകരാറില്‍ ഒപ്പുവച്ച് ഇന്ത്യയും അമേരിക്കയും. 2+2 നയതന്ത്ര ഉച്ചകോടിയില്‍ വച്ചാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്. വ്യവസായ പുരോഗതി ലക്ഷ്യമിട്ടുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കുന്നതിനായി ഇന്ത്യാ അമേരിക്ക സുരക്ഷാ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. വാഷിംഗ്ടണ്‍ ഡി സിയില്‍ അമേരിക്കന്‍ പ്രതിരോധവകുപ്പ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്തോ പസഫിക് മേഖലയുടെ സ്വാതന്ത്രത്തെയും സമാധാനത്തെയും സംബന്ധിച്ച് ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ആഗോള ഭീകരവാദത്തിനെതിരായി ഇന്ത്യയുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ ശക്തമായ ബന്ധം നിലനിര്‍ത്തുമെന്നും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ അറിയിച്ചു.
















