ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വം ഭേദഗതി നിയമം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് പൗരത്വ ഭേദഗതിനിയമത്തിനെതിരായ അറുപതോളം ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. അടിയന്തര സാഹചര്യത്തില്‍ കേസ് പരിഗണിക്കേണ്ടെന്നു ചീഫ് ജസ്റ്റിസ് എസ്എ ബോഡ്‌ബെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തീരുമാനിച്ചു. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാര്‍.. വിഷയത്തില്‍ അഭിഭാഷകന്‍ വാദിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ കേസ് ജനുവരി 22 ലേക്ക് മാറ്റിയെന്നും കേന്ദ്രസര്‍ക്കാരിനു വിഷയത്തില്‍ നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു. ജനുവരി രണ്ടാംവാരം കേന്ദ്രസര്‍ക്കാര്‍ നോട്ടീസിനു മറുപടി നല്‍കണമെന്നും കോടതി.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത്( കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍), കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ്, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ടിഎന്‍ പ്രതാപന്‍, ഡിവൈഎഫ്‌ഐ, ലോക് താന്ത്രിക് യുവജനതാദള്‍, എസ്ഡിപിഐ, ഡിഎംകെ, തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര, അസം സ്റ്റുഡന്‍സ് യൂണിയന്‍, അസം അഭിഭാഷക അസോസിയേഷന്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി, മുസ്ലിം അഡ്വക്കറ്റ് അസോസിയേഷന്‍ എന്നിവരാണ് പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
















