കേരളത്തില്‍ ഭൂമിയില്ലാത്തവരായി, കിടപ്പാടം ഇല്ലാത്തവരായി ഏകദേശം 5,25,000 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ദളിത്, പിന്നാക്ക, ഗോത്ര മേഖലകളും പെടും. ഇവിടെ വ്യക്തമാവുന്ന ഒരു കാര്യം, ബാക്കിവരുന്ന ഒരു കോടി കുടുംബങ്ങള്‍ക്ക് ആവാസയോഗ്യമായ ഏതെങ്കിലും ക്രമീകരണങ്ങള്‍ ഉണ്ടെന്നും, അവര്‍ക്കൊക്കെ അവകാശപ്പെട്ടതായി കുറച്ചൊകെ ഭൂമി ഉണ്ടെന്നുമാണ്. ചിലര്‍ക്ക് ഒരു തരി മണ്ണുപോലും ലഭ്യമല്ലാതെ വന്നിട്ടുണ്ട്. ഈ വിഷയത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ എത്തിനില്‍ക്കുന്നത് 1957 ലെ ഭൂനിയമത്തിലാണ്.
അന്നത്തെ നിയമം മുഖേന കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും, ബാക്കി കണ്ടെത്തി സര്‍ക്കാരിലേക്ക് ചേര്‍ക്കുകയും ചെയ്തു. അങ്ങനെ 90 ലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാരിന് ലഭിച്ചതായി പറയപ്പെടുന്നു. എന്നാല്‍ അതില്‍ നാലിലൊന്ന് ഭൂമിപോലും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തിട്ടില്ല എന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഈ ഭൂനിയമ പരിധിയില്‍നിന്ന് എല്ലാ തോട്ടങ്ങളെയും ഒഴിവാക്കുകയും ചെയ്തിരുന്നു. വന്‍കിട തോട്ടങ്ങളില്‍ പ്രമുഖമായതെല്ലാം വിദേശ ഉടമസ്ഥതയിലുള്ളതുമായിരുന്നു. 1957 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വിദേശ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ഒരു പൈസ പോലും പ്രതിഫലമായി കൊടുക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചെടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അതില്‍നിന്ന് സൗകര്യപൂര്‍വ്വം പിന്മാറി.
ബ്രിട്ടീഷുകാരുടെ കാലത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ േതയില, കാപ്പി തോട്ടങ്ങള്‍ ആരംഭിക്കുന്നതിനായി രാജാവിന്റെ പക്കല്‍നിന്ന് ലക്ഷക്കണക്കിന് ഹെക്ടര്‍ മലഞ്ചെരിവുകളാണ് 99 വര്‍ഷത്തെ പാട്ടത്തിന് എടുത്തത്. അങ്ങനെ ഇടുക്കിയിലും വയനാട്ടിലുമെല്ലാം തോട്ടങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1947-ല്‍ ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോകുമ്പോള്‍ ഇംഗ്ലീഷുകാരുടെയും അവര്‍ ഉടമസ്ഥരായിട്ടുള്ള തോട്ടങ്ങളുടെയും മുഴുവന്‍ അവകാശങ്ങളും അതത് പ്രദേശത്തെ സര്‍ക്കാരുകളെ ഏല്‍പ്പിച്ചു വേണം പോകാന്‍ എന്നായിരുന്നു തീരുമാനം. പക്ഷേ അതൊന്നുമല്ല പിന്നീട് സംഭവിച്ചത്. വിദേശ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ എല്ലാം പേരുമാറ്റി ബിനാമികള്‍ കൈവശംവച്ച് ലാഭം കൊയ്തു. അതിന്റെ പങ്ക് നാളിതുവരെ വിദേശത്തേക്ക് കടത്തിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെയാണ് കണ്ണന്‍ദേവന്‍ എസ്റ്റേറ്റ് ടാറ്റാ ടീ ആയതും ഹാരിസണ്‍ ക്രോസ്ഫീല്ഡ് ഹാരിസണ്‍ മലയാളമായതുമെല്ലാം.
പാട്ടക്കാലാവധി അവസാനിച്ചിട്ടും ഈ കമ്പനികളുടെ കൈവശമിരിക്കുന്ന ഭൂമിയൊന്നും സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ ഏഴു പതിറ്റാണ്ടുകളായി കേരളം ഭരിച്ച ഒരു സര്‍ക്കാരും തയ്യാറായില്ല. ഇവിടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി സമരം ചെയ്തവരെന്ന് കൊട്ടിഘോഷിക്കുന്ന കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പ് മനസ്സിലാവുക. ഹൈറേഞ്ചിലെ വിസ്തൃതമായ തോട്ടമേഖലയുടെ സ്ഥാപനത്തോടെ ആ പ്രദേശങ്ങളിലെ പരമ്പരാഗത ഗോത്രസമൂഹമാണ് ഭൂമി അന്യാധീനപ്പെട്ട് നിരാലംബരായ ത്. ആ ദുഃഖം ഇന്നും നിലനില്ക്കുന്നു. അതുപോലെതന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാട്ടത്തിന് എടുത്ത ഭൂമിയേക്കാള്‍ എത്രയോ ഏക്കര്‍ പ്രദേശങ്ങള്‍ മേല്‍പ്പറഞ്ഞ കുത്തകകള്‍ കയ്യേറിയത്.
ഇന്ന് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കൈവശം ഇരിക്കുന്ന 36,000 ഏക്കര്‍ ഭൂമിയെങ്കിലും വിവിധ രീതികളില്‍ വില്‍ക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കൈവശാവകാശം ഇല്ലാത്ത ഭൂമി ഈ രീതിയില്‍ വില്ക്കണമെന്നുണ്ടെങ്കില് നിയമത്തിന്റെ പഴുതുകളിലൂടെയും, വഴിവിട്ട രീതികളിലൂടെയും മാത്രമേ സാധിക്കുകയുള്ളൂ. അതിന് തീര്‍ച്ചയായും അതത് കാലത്തെ ഭരണകൂടങ്ങള്‍ ഒത്താശചെയ്തിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. ഇതിനായി സംഘടിത മതശക്തികളും ശ്രമിച്ചിട്ടുണ്ടാവുമെന്നും ഉറപ്പാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം വഴിയൊരുക്കിയത് ഇടത്, വലത് മുന്നണികളാണ്. കുത്തക തോട്ട ഉടമകള്‍ക്കായി ഓരോ സര്‍ക്കാരുകള്‍, ഒത്താശയ്ക്ക് അരുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും വകുപ്പുമാറ്റിയും മറ്റും സഹായിക്കുകയായിരുന്നു.
ഇപ്പറഞ്ഞവയുടെ വേറൊരു മുഖമാണ് പട്ടയമേളകള്‍. എല്ലാ സര്‍ക്കാരുകളും പട്ടയ ദാനം വളരെ കൊട്ടിഘോഷിച്ചു നടത്തുന്നു. എന്നാല്‍ നാലോ അഞ്ചോ തലമുറകളായി കൃഷി ചെയ്തും വീടുവെച്ചും താമസിച്ചുവരുന്ന ഗോത്രവിഭാഗങ്ങളും ദളിത് വിഭാഗങ്ങളും ഇവിടെ തഴയപ്പെടുന്നു. വയനാട്, അട്ടപ്പാടി, ഇടുക്കി, പത്തനംതിട്ട തുടങ്ങി എല്ലാ ഹൈറേഞ്ച് മേഖലകളിലും ഈ അവസ്ഥയാണ്. ഭൂമി കയ്യേറി കൈവശംവച്ചിരിക്കുന്നവര്‍ക്കാണ് പട്ടയം നല്‍കിയിരിക്കുന്നത്.കടലോര മേഖലയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. വികസനത്തിന് വേണ്ടി കടലോരങ്ങളെല്ലാം സര്‍ക്കാര്‍ കൈവശമാക്കി.
പാട്ടക്കാലാവധി കഴിഞ്ഞ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഒരു പൈസ പോലും നല്‍കാതെ നിയമ നടപടികളിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമിയുടെ വികസനത്തിനായി പദ്ധതി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും കേരളത്തിലെ ഭൂരഹിതരായ എല്ലാവര്ക്കും വിതരണം ചെയ്യണമെന്നുമാണ് ഭൂഅവകാശ സംരക്ഷണ സമിതിയുടെ ആവശ്യം. കടലോര, മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ അകറ്റണം.
‘എല്ലാവര്ക്കും ഭൂമി എല്ലാവര്ക്കും വീട്’ എന്നതായിരിക്കണം സര്‍ക്കാരിന്റെ നയം. അത് സാധിക്കണമെങ്കില്‍ വര്‍ത്തമാന കേരളത്തിന് ആവശ്യമായ രീതിയില്‍ ഭൂനയം രൂപീകരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് തോട്ടം മേഖല ഉള്‍പ്പെടെ എല്ലാ ഭൂമിക്കും പരിധി നിശ്ചയിക്കുകയും ബാക്കിവരുന്നത് മുഴുവന്‍ റവന്യൂഭൂമിയായി പ്രഖ്യാപിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ വാസയോഗ്യമായ നിരവധി പ്രദേശങ്ങള്‍ ഭൂരഹിതര്‍ക്ക് നല്കാന് സര്‍ക്കാര്‍ കൈവശമുണ്ടാകും. തോടും പുഴകളും കാവും ചതുപ്പും കണ്ടല്കാടും വനവും വന്യജീവികളും എല്ലാം സംരക്ഷിക്കപ്പെടുന്ന നയമായിരിക്കണം അത്. അതിനായി വിശദമായ ചര്‍ച്ചകള്‍ ഉണ്ടാവണം. കാരണം മണ്ണ് എന്നത് മനുഷ്യനാല്‍ നിര്‍മിക്കപ്പെടുന്നവയല്ല, പ്രകൃതിയുടെ വരദാനമാണ്. അതിനാല്‍ പങ്കുവയ്ക്കലാണ് അഭികാമ്യം. അതിനുള്ള അവസരവും അന്തരീക്ഷവും സൃഷ്ടിക്കേണ്ടത് സര്‍ക്കാരാണ്.
(ഭൂഅവകാശ സംരക്ഷണ സമിതി
സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: