ഇസ്ലാമബാദ് : മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് മുന്‍ പട്ടാള മേധാവി കൂടിയായ മുഷറഫിനെ വധശിക്ഷയ്‌ക്ക് വിധിച്ചത്.
പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചാണ് വധിശിക്ഷയ്‌ക്ക് വിധിച്ചത്. 2007ല്‍ ഭരണഘടന റദ്ദാക്കി പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഈ ഉത്തരവ്.
1999 മുതല്‍ 2008 വരെ പാക് പ്രസിഡന്റായിരുന്ന മുഷറഫ് കേസ് ഭയന്ന് ദുബായിലേക്ക് താമസം മാറുകയായിരുന്നു. 2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
2014 മാര്‍ച്ച 31ന് വിചാരണക്കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വിചാരണ നീണ്ടുപോവുകയായിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് മുഷറഫ് നാടുവിട്ടത്.
















