ന്യൂദല്‍ഹി: പൗരത്വ ദേഭഗതി നിയമം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍, ഇത് രാജ്യത്തിനു മുഴുവന്‍ ബാധകമായിരിക്കുമെന്നും ഇത് സംസ്ഥാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം വ്യക്തമാക്കി. നിയമം നടപ്പാക്കില്ലെന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രസ്താവന പ്രഹസനവും ഒരു വിഭാഗത്തെ ഭയത്തിലാഴ്ത്തി കൂടെ നിര്‍ത്താനുള്ള രാഷ്ട്രീയക്കളിയുമാണ്.
കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന ചില മുഖ്യമന്ത്രിമാരുടെ പ്രസ്താവനയെ നിയമവിദഗ്ധര്‍ തന്നെ തള്ളുന്നു. നിയമം രാജ്യവ്യാപകമായി നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നിരിക്കെ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധവുമാണ്. കേരളത്തിനോ മറ്റേതെങ്കിലും സംസ്ഥാനത്തിനോ യാതൊരു പങ്കുമില്ലാത്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കേന്ദ്രത്തിന് ആവശ്യമില്ല. പൗരത്വ അപേക്ഷ സ്വീകരിക്കുന്നതും തീരുമാനിക്കുന്നതും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്.
പുതിയ നിയമമനുസരിച്ച് 2014 ഡിസംബര്‍ 31നു മുന്‍പ് പാക്കിസ്ഥാന്, അഫ്ഗാനസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്സി, ജൈന ബുദ്ധ മതിവിഭാഗങ്ങളില്പ്പെട്ടവര്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള കാലപരിധി 12 വര്‍ഷത്തില്‍ നിന്ന് ആറു വര്‍ഷമായി കുറയ്ക്കുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച നടപടി ക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കുമില്ല.
പിണറായി വിജയന് അടക്കമുള്ള ചില മുഖ്യമന്ത്രിമാര്‍ നിയമം നടപ്പാക്കില്ലെന്ന് പ്രസ്താവിച്ചത് വെറും വാചകമടിയായി മാത്രം കണ്ടാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി
നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രതികരിച്ച ബംഗാളില്‍ ഇതാദ്യം നടപ്പാക്കാനാണ് ബിജെപി
ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ബംഗാളില്‍ ഇതാദ്യം നടപ്പാക്കുമെന്നാണ് ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞതും. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചു.
ഭരണഘടനയുടെ 256-ാം വകുപ്പ് പ്രകാരം കേന്ദ്രനിയമങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നത് നിര്‍ബന്ധമാണ്. ഇതു നിര്‍വഹിച്ചില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. രാഷ്ട്രപതി ഭരണം അടക്കമുള്ള നടപടികളിലേക്ക് വഴിവെയ്ക്കുന്ന ഗുരുതര പ്രശ്നമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന്റെ പ്രഖ്യാപനം വെറും രാഷ്ട്രീയ വാചകമടി മാത്രമായതിനാല്‍ നിയമം നിലവില്‍ വന്നതോടെ തന്നെ കേരളത്തിലടക്കം ഇതു സ്വാഭാവികമായും നടപ്പായിത്തുടങ്ങി.
പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത് അതാത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. കളക്ടര്‍മാര്‍ രേഖകള്‍ പരിശോധിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഈ ശുപാര്‍ശകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലേക്ക് എത്തിക്കുന്ന പോസ്റ്റുമാന്റെ ജോലി മാത്രമാണ് പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത്. പൗരത്വ അപേക്ഷ ഓരോ തലത്തിലും ഇത്രനാള്‍ക്കകം തീരുമാനമെടുത്ത് മുകളിലേക്ക് വിടേണ്ട ഫയലായതിനാല്‍ അപേക്ഷകള്‍ തടഞ്ഞുവെയ്ക്കാനും സംസ്ഥാനത്തിനാവില്ല.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരാണ് പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: