തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കണ്ണിലെ കരടായിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിൻഹ അവധി അപേക്ഷ നൽകി. അവധി അപേക്ഷ ചീഫ് സെക്രട്ടറിക്ക് നൽകുന്നതിന് പകരം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് അയയ്‌ക്കുകയായിരുന്നു.
മൂന്ന് മാസത്തെ അവധിക്കാണ് സിന്‍ഹ അപേക്ഷ നല്‍കിയത്. തിങ്കളാഴ്ച മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. പൊതുഭരണ വകുപ്പില്‍ നിന്നും അപ്രധാന വകുപ്പിലേക്കാണ് സിൻഹയെ സ്ഥലം മാറ്റിയിരുന്നത്. സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല ബിശ്വനാഥ് സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്.
മേലുദ്യോഗസ്ഥരോട് ചില ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് അവധിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബിശ്വനാഥ് സിന്‍ഹ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
സെക്രട്ടേറിയറ്റിൽ പഞ്ചിങ് ഏർപ്പെടുത്തുകയും പഞ്ചിങ് ശമ്പള സോഫ്‌റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചതും സിൻഹയായിരുന്നു. കൂടാതെ അവിഹിതമായി നേടിയ യാത്രാ ബത്ത സംഘടനാ നേതാവിനെക്കൊണ്ട് തിരിച്ചടപ്പിച്ചെന്ന് മാത്രമല്ല ഇതിന്റെ സസ്പെൻഷനും വന്നു. ജോലി ചെയ്യാതെ കറങ്ങിനടന്നവരെ പിടിക്കാനുള്ള സംവിധാനവും സിൻഹ ഏർപ്പെടുത്തി. ഇതോടെയാണ് സിൻഹയെ മാറ്റണമെന്ന ആവശ്യവുമായി സിപിഎം സംഘടന രംഗത്ത് വന്നത്.
യുവ വനിതാ ഐഎഎസ് ഓഫീസര്‍മാരോട് ബിശ്വനാഥ് സിന്‍ഹ മോശമായി പെരുമാറിയെന്നും, അശ്ലീല എസ്‌എംഎസ് അയച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
















