ചെന്നൈ: തികഞ്ഞ ശാന്ത സ്വഭാവക്കാരനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്ക്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പോലും വളരെ സംയമനം പാലിക്കാറുള്ള കാര്‍ത്തിക് എന്നാല്‍ ഇന്നലെ അങ്ങനെ ആയിരുന്നില്ല. രഞ്ജി ട്രോഫിയിലെ കര്‍ണാടക തമിഴ്‌നാട് മത്സരത്തിന് ശേഷമായിരുന്നു സംഭവം. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നല്‍കുന്നതിനിടെ കര്‍ണാടക ടീം ക്യാപ്റ്റന്‍ കരുണ്‍ നായരെ തമിഴ്‌നാട് ക്യാപ്റ്റന്‍ കാര്‍ത്തിക് വിളിച്ച് മാറ്റിനിര്‍ത്തി സംസാരിക്കുകയായിരുന്നു. സംഭാഷണം അവസാനം വാക്കേറ്റമായി. പ്രശ്‌നം പരിഹരിക്കാനായി ഇരുടീമുകളുടേയും കോച്ചുമാര്‍ക്കും സംഘാടകര്‍ക്കും ഇടപെടേണ്ടതായി വന്നു. മത്സരത്തിനിടെ കര്‍ണാടക താരങ്ങളുടെ ആവര്‍ത്തിച്ചുള്ള വിക്കറ്റ് അപ്പീലുകള്‍ കാര്‍ത്തിക്കിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതായിരുന്നു തര്‍ക്കത്തിനുള്ള കാരണം.
മത്സരത്തില്‍ കര്‍ണാടക തമിഴ്‌നാടിനെ 26 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യ ഇന്നിംഗസില്‍ ബാറ്റിങിനിറങ്ങിയ കര്‍ണാടക 336 റണ്ണിന് ഓള്‍ ഔട്ട് ആയി. മറുപടി ബാറ്റ് ചെയ്ത ബാറ്റ് ചെയ്ത തമിഴ്‌നാട് 307 റണ്‍ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ കര്‍ണാടക 151 ന് പുറത്തായി. 181 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ തമിഴ്‌നാടിന് 154 റണ്‍ മാത്രമേ നേടാനായുള്ളു. ഓഫ് സ്പിന്നര്‍ കൃഷ്ണപ്പ ഗൗതം കര്‍ണാടകക്കായി 14 വിക്കറ്റുകള്‍ വീഴ്‌ത്തി.
















