ശബരിമല: ആയിരക്കണക്കിന് ജീവനക്കാര്‍ ദിവസേന ഭക്ഷണം കഴിക്കുന്ന സന്നിധാനം ദേവസ്വം മെസിലെ പാത്രങ്ങള്‍ മോഷണം പോകുന്നതായി ആക്ഷേപം. ദേവസ്വം ജീവനക്കാര്‍ മാത്രമാണ് ഈ മെസില്‍നിന്ന് ആഹാരം കഴിക്കുന്നത്. മുന്നൂറോളം പേര്‍ക്ക് ഒരു നേരം ഒരുമിച്ചിരുന്ന് കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും മൂവായിരത്തോളം പേര് നേരിട്ട് ഭക്ഷണം കഴിക്കുന്നു. 2000 പേര്‍ക്ക് പാഴ്സലായും ഭക്ഷണം എത്തിക്കുന്നുണ്ട്.
ഒരു സ്പെഷ്യല്‍ ഓഫീസറും അസി. സ്പെഷ്യല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര് വേറെയുമുണ്ട്. പ്ലേറ്റും, ഗ്ലാസും ഉള്‍പ്പെടെയുള്ളവ കാണാതാവുന്നത് മെസിന്റെ സുഗമമായ നടത്തിപ്പിന് തടസമാകുന്നു. പാത്രങ്ങള്‍ ജീവനക്കാര്‍ തന്നെയാണ് കൊണ്ടുപോകുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
ജീവനക്കാര്‍ ഒരുമിച്ച് എത്തുമ്പോള്‍ പ്ലേറ്റിനും ഗ്ലാസിനും അനുഭവപ്പെടുന്ന ക്ഷാമം അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇത്തവണ 600 പ്ലേറ്റും 860 ഗ്ലാസും വാങ്ങിച്ചിട്ടുണ്ട്. ഇതില്‍ നല്ല പങ്കും ഇപ്പോള്‍ മെസില്‍ കാണാനില്ല. പലരും ഗ്ലാസും പ്ലേറ്റും മുറികളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: