ന്യൂദല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീയിട്ട കേസിലെ നാലു പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തെക്കുറിച്ച് മുന്‍ ജഡ്ജിയുടെ അന്വേഷണം നിര്‍ദേശിച്ച് സുപ്രീംകോടതി. നവംബര്‍ 27ന് ഇരുപത്തേഴുകാരിയെ ക്രൂരമായി വധിച്ച പ്രതികള്‍ ഡിസംബര്‍ ആറിനാണ് പോലീസിന്റെ വെടിയേറ്റു മരിച്ചത്. തെളിവെടുപ്പിനു കൊണ്ടുപോയപ്പോള്‍ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചത്.
എന്നാല്‍, ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് അഭിഭാഷകനായ ജി.എസ്. മണി നല്‍കിയ ഹര്‍ജിയിലാണ് ഇന്നലെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എസ്. അബ്ദുള്‍ നാസര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. സുപ്രീം
കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.വി. റെഡ്ഡിയോട് അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് ചുമതലപ്പെടുത്താന്‍ മുന്‍ ജഡ്ജിമാരുടെ പേരു നിര്‍ദേശിക്കാന്‍ എല്ലാ കക്ഷികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ദല്‍ഹി ആസ്ഥാനമാക്കിയാകും ഈ അന്വേഷണം.
സമാനമായ കേസ് തെലങ്കാന ഹൈക്കോടതിയും പരിഗണിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങിയിരുന്നില്ല. സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാറിനെതിരെയാണ് ജി.എസ്. മണിയുടെ ഹര്‍ജി. ഇന്നു വീണ്ടും വാദം കേള്‍ക്കും.
















