സംഗ്രൂര്‍: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായി. 124 പോയിന്റോടെയാണ് അവര്‍ ഒന്നാം സ്ഥാനം നേടിയെടുത്തത്. മഹാരാഷ്‌ട്ര 119 പോയിന്റോടെ രണ്ടാം സ്ഥാനവും ഉത്തര്‍ പ്രദേശ് നൂറു പോയിന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 97 പോയിന്റാണ് ലഭിച്ചത്.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും കരസ്ഥമാക്കി. അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയിലാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്. ആണ്‍കുട്ടികളുടെ ഹൈജമ്പിലും 110 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് വെങ്കലം നേടിയത്.
ആണ്‍കുട്ടികളുടെ റിലേയില്‍ ഷൈജു പ്രകാശ്, ജോയല്‍, ജെന്‍സണ്‍, അക്ഷയ് എന്നിവരടങ്ങുന്ന കേരള ടീം മൂന്ന് മിനിറ്റ് 21.62 സെക്കന്‍ഡില്‍ ഒന്നാമതായി ഓടിയെത്തി, ദല്‍ഹി വെള്ളി മെഡലും മഹാരാഷ്‌ട്ര വെങ്കലവും നേടി.പെണ്‍കുട്ടികളുടെ റിലേയില്‍ സന്ദ്രാമോള്‍, സ്‌റ്റെഫി സറാ കോശി, എല്‍ഗാ തോമസ്, പ്രതിഭ വര്‍ഗീസ് എന്നിവര്‍ അണിനിരന്ന കേരളാ ടീം മൂന്ന് മനിറ്റ് 50.64 സെക്കന്‍ഡില്‍ സ്വര്‍ണം ഓടിയെടുത്തു. മഹാരാഷ്‌ട്ര വെള്ളിയും ദല്‍ഹി വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍-17 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഹനാനാണ് കേരളത്തിനായി വെങ്കലം നേടിയത് . 14.29 സെക്കന്‍ഡില്‍ ഓടിയെത്തി . ഹരിയാനയുടെ മോഹിത് (14.02) സ്വര്‍ണവും രാജസ്ഥാന്റെ മാധവേന്ദ്ര സിങ് (14.22) വെങ്കലവും സ്വന്തമാക്കി.അണ്ടര്‍-17 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിന്റെ ഭരത് രാജ് 1.90 മീറ്റര്‍ ഉയരം താണ്ടി വെങ്കലം നേടി. മഹാരാഷ്‌ട്രയുടെ ഗെയ്‌ക്കുവാദ് (1.98 മീ) സ്വര്‍ണവും തമിഴ്‌നാടിന്റെ ലളിത് കുമാര്‍ വെള്ളിയും കരസ്ഥമാക്കി.
















