ബാഴ്‌സലോണ: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി തന്റെ ആറാമത് ബാലണ്‍ ദ്യോര്‍ പുരസ്‌കാരം, റയല്‍ മല്ലോര്‍ക്കക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടി ആഘോഷിച്ചു. ന്യൂകാമ്പില്‍ മെസി കുറിച്ച ഹാട്രിക്കിന്റെ മികവില്‍ ബാഴ്‌സലോണ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് റയല്‍ മല്ലോര്‍ക്കയെ മറികടന്നു. ഈ വിജയത്തോടെ ബാഴ്‌സ ലാ ലിഗയില്‍ പോയിന്റ് നിലയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പതിനേഴ്, നാല്‍പ്പത്തിയൊന്ന്, എണ്‍പത്തിമൂന്ന് മിനിറ്റുകളിലാണ് മെസി ഗോളുകള്‍ നേടി ഹാട്രിക്ക് തികച്ചത്. മികച്ച കളിക്കാരനുള്ള ഈ വര്‍ഷത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയശേഷം മെസിയുടെ ആദ്യ ഹാട്രിക്കാണിത്. ലാ ലിഗയില്‍ 35-ാമത്തേതും.
ഇതോടെ ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് നേടുന്ന താരമെന്ന റെക്കോഡ് മെസിക്ക് സ്വന്തമായി. 34 ഹാട്രിക്ക് കുറിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡാണ് വഴിമാറിയത്. കഴിഞ്ഞ പതിനാല് സീസണുകളില്‍ യൂറോപ്പിലെ ഉയര്‍ന്ന അഞ്ചു ലീഗുകളില്‍ പത്തോ അതില്‍ കൂടുതലോ ഗോളുകള്‍ നേടിയ ഏക താരമെന്ന റെക്കോഡും മെസിക്ക് സ്വന്തമായി.
തിങ്കളാഴ്ച പാരീസില്‍ നടന്ന ചടങ്ങിലാണ് മെസിക്ക് ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സമ്മാനിച്ചത്. കളിയുടെ ഏഴാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഗോളില്‍ ബാഴ്‌സലോണ മുന്നിലെത്തി. പിന്നീട് മെസി രണ്ട് ഗോളുകള്‍ നേടി. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലൂയി സുവാരസ് ബാഴ്‌സയുടെ നാലാം ഗോള്‍ കുറിച്ചു. കളിയവസാനിക്കാന്‍ ഏഴു മിനിറ്റ് ശേഷിക്കെ മെസി ഹാട്രിക്ക് തികച്ചു.
ആന്റെ ബുഡിമറാണ് മല്ലോര്‍ക്കയുടെ രണ്ട് ഗോളുകളും നേടിയത്.ഈ വിജയത്തോടെ ബാഴ്‌സലോണ പതിനഞ്ച് മത്സരങ്ങളില്‍ മുപ്പത്തിനാലു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. റയല്‍ മാഡ്രിഡിനും പതിനാല് മത്സരങ്ങളില്‍ മുപ്പത്തിനാലു പോയിന്റുണ്ട്. പക്ഷെ ഗോള്‍ ശരാശരിയില്‍ അവര്‍ ബാഴ്‌സയെക്കാള്‍ പിന്നിലാണ്. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇസ്പാനോയലിനെ പരാജയപ്പെടുത്തി.
















