കൊച്ചി: ഇന്ത്യയില്‍ ചെസ് വളരേണ്ടതുണ്ടെന്നും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ലോക ചെസ് ഗവേണിങ് ബോഡി (ഫിഡെ) വൈസ് പ്രസിഡന്റും മുന്‍ ലോക ചാമ്പ്യനുമായ നൈജല്‍ ഷോര്‍ട്. എറണാകുളം പ്രസ് ക്ലബ് സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഥമ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വനാഥന്‍ ആനന്ദ് മുതല്‍ ഇളംതലമുറക്കാരന്‍ കേരളത്തില്‍ നിന്നുള്ള നിഹാല്‍ സരിന്‍ വരെയുള്ള പ്രതിഭകളുള്ള ഇന്ത്യയില്‍ ചെസിന് ഈ പ്രചരണം പോര. ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എഐസിഎഫ്) നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ കായിക ഇനത്തിന് വളര്‍ച്ചയുണ്ടാകൂ. ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍ കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. താത്പര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ കായിക ഫെഡറേഷന്‍ കൊണ്ടുകാര്യമുള്ളൂ. ചെസ് ലീഗുകള്‍ പല രാജ്യത്തും മാതൃകാപരമായി പുരോഗമിക്കുന്നു. നല്ല സാമ്പത്തിക നേട്ടം എന്നതോടൊപ്പം, ചെസിന് കൂടുതല്‍ സ്വീകാര്യതയും ലഭിക്കും.
ഐപിഎല്‍ മാതൃകയില്‍ ചെസ് ലീഗ് ഇന്ത്യയില്‍ തുടങ്ങാന്‍ മൂന്ന് വര്‍ഷം മുമ്പ് തന്നെ ഫിഡെയില്‍ നിന്ന് അനുമതി നല്‍കിയിരുന്നു. മഹാരാഷ്‌ട്രയില്‍ നിന്നാണ് ആദ്യമായി ഇങ്ങനെയാരു ആശയം വന്നത്. സ്‌പോണ്‍സര്‍മാരും ലൈവ് സംപ്രേഷണവും എല്ലാം ശരിയായി വന്നു. എന്നാല്‍, എഐസിഎഫിലെ ചില ആളുകള്‍ ഇടപെട്ട് അതുമുടക്കി. ചെസ് കളിച്ചു പരിചയമുള്ള മുന്‍ താരങ്ങള്‍ തന്നെ ഫെഡറേഷനിലും എത്തണം. ചെസ് ഒളിംപ്യാഡ് പോലെയുള്ള രാജ്യാന്തര മത്സരങ്ങളും രാജ്യത്തെ താരങ്ങള്‍ക്കു വേണ്ടി കൂടുതല്‍ എലൈറ്റ് മത്സരങ്ങളും സംഘടിപ്പിക്കണം. ഇന്ത്യയില്‍ ചെസ് വികസനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും നൈജല്‍ ഷോര്‍ട് പറഞ്ഞു.
ചെസ് കേരളയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രിട്ടീഷ് മുന്‍ ലോക താരം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ചെസ് കേരള ഇന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ 50 പുതിയ താരങ്ങള്‍ക്ക് പരിശീലനം നല്‍കും. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 25 മികച്ച താരങ്ങളോട് ഒരേസമയം ഇദ്ദേഹം ചെസ് കളിക്കും. കളമശേരി എസ്‌സിഎംഎസ് കോളേജിലാണ് പരിപാടി.
















