ജലീല്‍ കരുണയുള്ളവനാണ്. ദാനമാണ് മഹത്വമെന്ന് ഉദ്ഘോഷിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് അദ്ദേഹം. എന്നിട്ടും ജലീലിന് നേരെയാണ് ആക്രമണമത്രയും. അതും ദാനത്തിന്റെ പേരില്‍. ജോലിയില്ലാതെ വലയുന്ന കുട്ട്യോള്‍ക്കും കെട്ട്യോള്‍ക്കും ഉടപ്പിറന്നോര്‍ക്കും ഓരുടെ മക്കള്‍ക്കുമൊക്കെ വാരിക്കോരിക്കൊടുക്കാനല്ലെങ്കില് റബുല്‍ ആലമീനായ തമ്പുരാന് തന്നെ എന്തിനാണ് ഇക്കണ്ട കസാല മേലൊക്കെ കൊണ്ടിരുത്തിയത്. അതുകൊണ്ട് ഉള്ളപ്പോള്‍ എല്ലാം ദാനം ചെയ്യണം.
സമത്വമാണ് ജലീലിന്റെ മതം. തോറ്റവരുണ്ടാകരുത്. എല്ലാവരും ജയിച്ചവരാകണം. ഒത്താല്‍ ഒന്നാമന്മാരാകണം. പരീക്ഷകളൊക്കെ പരീക്ഷണങ്ങളാണ്. റബ്ബിന്റെ പരീക്ഷകള്‍. അത് പാസാകാന്‍ ഇമ്മിണി പാടാണ്. ജലീലായ താന്‍ ഇങ്ങനെ ഇവിടെ ഇരിക്കുമ്പോള്‍ ആരും ഒരു പരീക്ഷയും തോല്‍ക്കരുത്. തോല്ക്കാന് താന്‍ സമ്മതിക്കില്ല. തോറ്റവരെല്ലാം പാര്‍ട്ടി ഓഫീസ് വഴി ജലീലിനെ കാണണം. ജയിക്കാനുള്ള മാര്ക്കത്രയും അദ്ദേഹം തരും. തോറ്റവരെയും ജയിപ്പിക്കുന്ന മാന്ത്രികവിദ്യയുടെ പേരാണ് ദാനം. ഇത്രയും ദാനശീലനായ ഒരാളെ നോക്കി എങ്ങനെയാണ് തട്ടിപ്പുകാരനെന്നൊക്കെ വിളിക്കാന്‍ തോന്നുന്നതെന്നാണ് അതിശയം. ദാനമാണ് ജലീലിനെ ജലീലാക്കിയതെന്ന് അറിയുന്നവര്‍ ജലീലിയന്‍ ദാനത്തിനെ കുറ്റം പറയില്ല.
കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി വോട്ട് അത്രയും ഇഷ്ടദാനം നല്‍കിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് ജലീലിനെ മാര്ക്കംകൂട്ടിയെടുത്തത്. പണ്ടത്തെ സിമി കാലത്തെ വിദ്യാഭ്യാസ പുരോഗതിയും വിഘടനവാദവും ഒക്കെ വിലയിരുത്തിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കിട്ടാവുന്നതില്‍ വച്ചേറ്റവും വലിയ മുത്താണ് ജലീല്‍. വിദ്യാഭ്യാസവകുപ്പ് രവീന്ദ്രന്‍സാറിന് കൊടുത്ത് പു
രോഗമന ജനാധിപത്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഇമേജ് ബില്‍ഡിങിനിടയില്‍ ന്യൂനപക്ഷ വോട്ട് ചോര്‍ന്നുപോവാതിരിക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേകം കസേരയിട്ടാണ് ജലീലിനെ പിണറായി വിജയന് വരവേറ്റത്. ന്യൂനപക്ഷ ക്ഷേമവും ഉന്നതവിദ്യാഭ്യാസവും ഒക്കെക്കൂടി പരിധിവിട്ട അഭ്യാസത്തിന് കോപ്പുണ്ടാക്കിക്കൊടുത്തതിനെയും ദാനമെന്ന പേരിട്ടുതന്നെ വിളിക്കണം.
കുഞ്ഞാലിക്കുട്ടി കുഞ്ഞാപ്പയാണെങ്കില്‍ ജലീലുമന്ത്രി കൊച്ചാപ്പയാണെന്ന് തെളിയിച്ചതാണ് വിജയന്ഭരണത്തിന്റെ നവോത്ഥാനപരിഷ്കരണകാലം. ആകെയൊരു ചിറ്റപ്പന് വാഴ്ചയുടെയും വീഴ്ചയുടെയും വടക്കന്‍കാറ്റ് വീശിയ കാലമാണ് അത്. ജയരാജന് ചിറ്റപ്പനും ജലീല്‍ കൊച്ചാപ്പയും സമാനമായ ആരോപണങ്ങളില്‍ കുടുങ്ങിയിട്ടും ചിറ്റപ്പന് മാത്രമാണ് മന്ത്രിപദം ഒഴിയേണ്ടിവന്നത്.
പിന്നൊരു വെള്ളപ്പൊക്കത്തിന്റെ കാലത്ത് ഡാം തുറന്നുവിട്ട അര്‍ധരാത്രിയില്‍ ആരുമറിയാതെ ചിറ്റപ്പന് മന്ത്രിയായെങ്കിലും ജനങ്ങളെ പറ്റിക്കാന്‍ ഒരു ഒഴിയല്‍ നാടകത്തിന് ഇ.പി. ജയരാജന് വിധേയനാകേണ്ടിവന്നു. എന്നാല്‍ കൊച്ചാപ്പയുടെ കാര്യത്തില്‍ അതുണ്ടായില്ല. അതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഴകൊഴമ്പന്‍ അടവുനയത്തിന്റെ കാതല്‍. കൊച്ചാപ്പ ചെയ്താല്‍ അത് കുറ്റമല്ല എന്ന ന്യായത്തിന് പാര്‍ട്ടി പറയുന്ന മറ്റൊരു പേരാണ് മതനിരപേക്ഷത. ഇതിനൊക്കെ മതവും ജാതിയുമുണ്ടോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. കൊച്ചാപ്പയാകുമ്പോള് അതുണ്ടാകും. കൊച്ചാപ്പയുടെ ജീവിതം തന്നെ അത്തരമൊരു മതനിരപേക്ഷരാജ്യത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നല്ലോ.
അമ്മാതിരി ഉഴിച്ചില്‍ കാലത്തിനാകെ മതഭീകരതയുടെ പേര് നല്കി നിരോധിച്ചപ്പോഴാണ് കൊച്ചാപ്പയ്ക്ക് പുരോഗമനം തലയ്ക്ക് പിടിച്ചതും സിപിഎമ്മുകാരുടെ വോട്ടുദാനത്തിലൂടെ നിയമസഭയിലേക്ക് കടന്നുവന്നതും. അതുകൊണ്ട് കെ.ടി. ജലീല്‍ ചെയ്യുന്ന ജോലിദാനത്തെയും മാര്‍ക്ക് ദാനത്തെയും ഇനിയെന്തെങ്കിലും ദാനമുണ്ടെങ്കില്‍ അതെല്ലാറ്റിനെയും മതനിരപേക്ഷ പുരോഗമന ജനാധിപത്യ സമൂഹത്തിന്റെ നിര്‍മ്മിതിക്കായുള്ള മഹത്തായ ദാനമായി കണക്കാക്കേണ്ടതാണ് എന്നതാണ് പാര്‍ട്ടിയുടെ നിലപാട്.
സിന്‍ഡിക്കേറ്റ് തീരുമാനം മറികടന്ന് കൊച്ചാപ്പേന്റെ അദാലത്തിലെത്തുമ്പോള്‍ രണ്ടോ മൂന്നോ മാര്‍ക്കൊക്കെ കൂട്ടിക്കൊടുത്ത് ‘തോറ്റ പിള്ളേരെ ജയിപ്പിച്ചാളാം’ എന്ന ഉന്നതവിദ്യാഭ്യാസവിചാരിപ്പുകാരന്റെ എമണ്ടന്‍ ബുദ്ധിക്ക് മേല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിടിമുറുക്കിയതോടെയാണ് പ്രശ്നം വഴിത്തിരിവിലായത്. കോട്ടും സ്യൂട്ടുമിട്ട് കമലേടത്തിയേം കൂട്ടി ജപ്പാന് ഒരു വഴിക്കാക്കാന്‍ വിജയമ്പ്രാന് പോയ ഇടവേളയിലാണ് കൊച്ചാപ്പാന് മേല്‍ ഗവര്‍ണറുടെ പിടി വീഴുന്നത്. പാര്‍ട്ടി ഭരിക്കേണ്ട സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ലീവെടുത്ത മട്ടിലാണ് കാര്യങ്ങള്‍. ഇനി പാര്‍ട്ടി സെന്റര്‍ നോക്കുമത്രെ. അതോടെ ജലീലിന്റെ കാര്യത്തില്‍ തീരുമാനം ആരെടുക്കുമെന്നതും കീറാമുട്ടിയാണ്.
പാര്‍ട്ടിക്കാരൊക്കെ ശരണം വിളിച്ച് മല കയറുന്ന തിരക്കിലാണ്. പാര്‍ട്ടി സെക്രട്ടറിയുടെ കട്ടിലില്‍ ആര് കിടക്കണമെന്ന തര്‍ക്കത്തിന് ഇപ്പോഴേ കൊടിയേറിക്കഴിഞ്ഞു. ഒഞ്ചിയം മുതല്‍ നീലേശ്വരം വരെയുള്ള കമ്മ്യൂണിസ്റ്റ് ബല്റ്റിന്റെ സ്റ്റാലിനാണ് താനെന്ന് നെഞ്ചും വിരിച്ച് (സിബിഐ എന്ന് കേള്‍ക്കും വരെ മാത്രം) നില്ക്കുന്ന പി. ജയരാജന് മുതല്‍ കറക്കുകമ്പനിക്ക് കിഫ്ബി എന്ന് പേരിട്ട് നാട്ടുകാരോട് തരാതരം പോലെ മാറ്റിമാറ്റിപ്പറയുന്ന ഡോ: കയറുപിരി ഉള്‍പ്പടെ ആര്‍ക്കും കയറിക്കിടക്കാന്‍ പാകത്തിന് അനാഥമാണ് ആ കട്ടിലിപ്പോള്‍.
അടിമുതല്‍ മുടി വരെ പാര്‍ട്ടിയിലും കൊച്ചാപ്പേന്റെ ആളുകള്‍ പെരുകിയിട്ടുണ്ട്. അതുകൊണ്ട് ജലീലിനെയും ഭയക്കണം. ദാനശീലന് ഇപ്പോഴും ഒരുളുപ്പുമില്ലാത്തതിന്റെ രഹസ്യം ആ പിന്‍ബലമാണ്. ആവശ്യം വരുമ്പോള്‍ മുത്താന്‍ പാകത്തിന് ഒരു വിശുദ്ധകരം ജലീലിനുപിന്നിലുമുണ്ടെന്ന് ടൂറിസ്റ്റ് വിജയന് നന്നായി അറിയാം.
കണ്ട വിവരാവകാശ രേഖയ്ക്ക് മറുപടി പറയേണ്ട കാര്യം മന്ത്രിക്കില്ലെന്നാണ് ജലീലിന്റെ വാദം. കൊച്ചാപ്പയ്ക്ക് എല്ലാം ഇപ്പോഴും കേട്ടുകേള്‍വിയാണ്. എന്തെല്ലാം കേള്‍പ്പിച്ചാലും മതിയാവില്ലെന്ന് സാരം. തെറ്റ് തിരിച്ചറിഞ്ഞ സര്‍വകലാശാല അത് തിരുത്തിയിട്ടുണ്ട് എന്ന് മന്ത്രി പറയുന്നു. കയ്യോടെ പിടികൂടിയാല്‍ പിന്നെ തിരുത്താതെ എന്ത് വഴി എന്ന ചോദ്യത്തിന് കൊച്ചാപ്പയ്ക്ക് മറുപടിയില്ല.
മതനിരപേക്ഷമായി നടന്നില്ലെങ്കില്‍ പിന്നെ ജലീലുകൊച്ചാപ്പ പിടിച്ചുനില്ക്കാന് തനിവഴി തേടും. അത് ആരും പറയാതെ ചെയ്യാന്‍ അറിയുന്ന ആളാണ് ജലീല്‍. കോടിയേരി വിചാരിച്ചാലും ജലീലിനെ തിരുത്താന്‍ പറ്റില്ലെന്ന് നേരത്തെ വ്യക്തമായതാണ്. ചിറ്റപ്പനല്ല കൊച്ചാപ്പയെന്ന് അറിയുന്നതുവരെ മാത്രമേ ഉള്ളൂ പുരോഗമന ജനാധിപത്യമതനിരപേക്ഷതയൊക്കെ എന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: