കൊല്ലം: വിദ്യാര്‍ഥിസമൂഹത്തെ വഴിതെറ്റിച്ച് അക്രമത്തിലേക്കും രാജ്യവിരുദ്ധപ്രവര്‍ത്തനത്തിലേക്കുമെത്തിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് എബിവിപി മുന്‍ദേശീയ സംഘടനാസെക്രട്ടറി സുനില്‍ അംബേക്കര്‍. എബിവിപി സംസ്ഥാനസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവരാണ് റഷ്യയിലേയും ചൈനയിലേയും ഇപ്പോള്‍ നേപ്പാളിലേയും കമ്യൂണിസ്റ്റുകള്‍. സ്വത്വവും പാരമ്പര്യവും തിരിച്ചറിയാതെ, രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. ഭാരത് മാതാ കീജയ് എന്നുവിളിക്കുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥതയാണ്. രാഷ്‌ട്രസ്നേഹം ചര്‍ച്ചയാകുമ്പോള്‍ വിറളിയാണ്. ഇവരുടെ പിടിയിലമര്‍ന്ന വിദ്യാര്‍ഥിസമൂഹത്തെ രക്ഷിച്ച് ദേശീയതക്കൊപ്പം അണിചേര്‍ക്കുകയാണ് എബിവിപി ഏറ്റെടുത്തിരിക്കുന്ന ദൗത്യം. കേരളത്തില്‍ അന്ധമായ സംഘവിരോധത്തില്‍ മതമൗലികവാദികളെ വളര്‍ത്തുകയാണ് ഇടതുംവലതും ചെയ്യുന്നത്. സിറിയയിലടക്കം പിടിയിലാകുന്ന ഭീകരര്‍ മലയാളികളാണെന്നത് ഇതിന്റെ തെളിവാണ്.
മാര്‍ക്ക്ദാനത്തിലൂടെ മന്ത്രി കെ.ടി. ജലീല്‍, കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് ചെയ്തതെന്നും മന്ത്രിസ്ഥാനത്തിന് അര്‍ഹനായ വ്യക്തിയല്ലെന്ന് തെളിയിച്ചതായും സുനില്‍ അംബേക്കര്‍ പറഞ്ഞു. പ്രസിഡന്റ് ഡോ. ബി.ആര്‍. അരുണ്‍ അധ്യക്ഷനായി. സെക്രട്ടറി എം.എം. ഷാജി, അഡ്വ. ആര്‍.രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് വിശാഖ്, മഹാനഗര്‍ സെക്രട്ടറി ആതിര വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















