തിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകിട്ട് 5.45 ന് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. കെ.സി.എ ഒഫീഷ്യല്‍സും ക്രിക്കറ്റ് ആരാധകരും ചേര്‍ന്ന് സ്വീകരിക്കും. ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോകും. ഇരു ടീമുകള്‍ക്കും പരിശീലന സെഷനുകള്‍ ഉണ്ടായിരിക്കുന്നതല്ല.
കാണികള്‍ക്ക് നാളെ വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്‌ക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം.
സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സ്‌റ്റേഡിയം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. മത്സരത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സുരക്ഷാ ഗതാഗത ചുമതലയ്‌ക്കായി സിറ്റി പൊലിസ് കമ്മീഷണര്‍ എം.ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്.
94 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഇന്ന് വൈകിട്ട് വരെ കെ.സി.എ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം
















