ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിയില്‍ സന്തോഷം സന്തോഷം തോന്നുന്നുവെന്ന് നടി സുരഭി ലക്ഷ്മി. പോലീസ് കുപ്പായം ഇട്ടിട്ടും ഒരച്ഛന്റെ മനസോട് കൂടി ജനങ്ങളുടെ മനസിലുണ്ടായ നീതി നടപ്പിലാക്കിയ മനുഷ്യനാണ് എസ്പി സജ്ജനാര്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
എസ്പി സജ്ജനാറിന്റെ പിസ്റ്റല്‍ പിടിച്ചു നില്‍ക്കുന്ന ചിത്രം അടങ്ങിയതാണ് പോസ്റ്റ്. ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പോള്‍ ചിന്തിക്കുന്നത്, ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ താന്‍ ഇതിനെക്കാള്‍ ഭീകരമായി ശിക്ഷിച്ചേനേയെന്നും കൂട്ടിച്ചേര്‍ത്ത സുരഭി ബിഗ് സല്യൂട്ട് സാര്‍ എന്ന് പറഞ്ഞു അഭിനന്ദിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്ന് പുലര്‍ച്ചേ മൂന്ന് മണിയോടെയാണ് തെളിവെടുപ്പിനായി യുവതിയുടെ മൃതദേഹം കിടന്ന സ്ഥലത്തേക്ക് എത്തിച്ച പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നിവര്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. തോക്ക് തട്ടിയെടുത്ത് പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുമെന്ന് ആയപ്പോള്‍ ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നടപടി ശരിവെക്കുന്ന രീതിക്കാണ് പ്രതികരണങ്ങള്‍ നടത്തിയത്. സിനിമ കായിക മേഖലയിലെ പ്രമുഖരടക്കം പോലീസ് നടപടിയെ സ്വാഗതം ചെയ്യുകയും പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു.
















