തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വൈദ്യസംഘടനാ പ്രതിനിധി സംഗമവും നാട്ടുചികിത്സാ ക്യാമ്പും നാടന്‍പശു ദേശീയ സെമിനാറും ഡിസംബര്‍ ഏഴുമുതല്‍ 14 വരെ തിരുവനന്തപുരത്ത് നടത്തും. വൈദ്യസംഘടനകളുടെ കൂട്ടായ്‌മയായ വൈദ്യമഹാസഭയുടെയും വിവിധ ചികിത്സാ പ്രസ്ഥാനങ്ങളുടേയും നാടന്‍പശു കര്‍ഷകസംഘടനകളുടേയും ജൈവകൃഷി സംരഭകരുടേയും സംയുക്താഭിമുഖ്യത്തിലാണ് സംഗമം
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള മിത്രനികേതന്‍ സിറ്റി സെന്ററില്‍ പരമ്പരാഗത നാട്ടുവൈദ്യത്തിന്റേയും നാട്ടറിവുകളുടെയും സംരക്ഷണത്തിനും പ്രചരണത്തിനും വൈദ്യമഹാസഭ ആരംഭിക്കുന്ന വിശ്വമഹാഗുരുകുലം നാട്ടുവൈദ്യപഠനകോഴ്‌സ് ഉദ്ഘാടനം നടക്കും. ഏഴിന് രാവിലെ 10 മണിക്ക് നാട്ടറിവ് നാട്ടുവൈദ്യ പ്രദര്‍ശനമേള അഡ്വ. വി. എസ്. ശിവകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിശ്വമഹാഗുരു കുലം പഠനകളരിയുടെ ഉദ്ഘാടനം നവകേരളം കര്‍മ്മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ഫിലിപ്പ് നിര്‍വ്വഹിക്കും. വൈദ്യകേസരി കരിങ്ങന്നൂര്‍ പ്രഭാകരന്‍വൈദ്യര്‍ ഭദ്രദീപം തെളിയിയ്‌ക്കും. നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ് കൗണ്‍സിലര്‍ ചിഞ്ചു ടീച്ചര്‍ നിര്‍വ്വഹിക്കും. വൈദ്യമഹാസഭ ചെയര്‍മാന്‍ മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വൈദ്യര്‍ അദ്ധ്യക്ഷത വഹിക്കും.
സ്‌റ്റേറ്റ് റിസോര്‍സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എന്‍.ബി. സുരേഷ് കുമാര്‍, നെഹ്‌റു യുവകേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അലിസാബ്രിന്‍, മര്‍മ്മശാസ്ത്ര ഗുരുനാഥന്‍ ഡോ. എ.കെ. പ്രകാശന്‍ ഗുരുക്കള്‍, പാരമ്പര്യ വൈദ്യസംഘടനാനേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. ഗുരുകുല പഠനകളരിയില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഡോ. തോമസ് മാത്യു, പ്രൊഫ. എ.വിജയന്‍, പ്രൊഫ. പി. ഗോപാലകൃഷ്ണ പണിക്കര്‍, ഡോ. ഇ. ഉണ്ണികൃഷ്ണന്‍, ആചാര്യ വിനയകൃഷ്ണ, സിസ്റ്റര്‍ എലൈസ കുപ്പോഴയ്‌ക്കല്‍, യോഗാചാര്യ ഡി. ശ്രീകണ്ഠന്‍ നായര്‍, ഡോ. സുരേഷ് കെ. ഗുപ്തന്‍, കെ.ബി. മദന്‍മോഹന്‍, കെ.വി.സുഗതന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
9 ന് രാവിലെ 9 മണിക്ക് നടക്കുന്ന നാട്ടറിവും നാട്ടുവൈദ്യവും ജീവന്റെ തുടിപ്പുകള്‍ സെമിനാര്‍ പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അനില്‍ വൈദിക്, വി.ടി. ശ്രീധരന്‍, കെ.തങ്കച്ചന്‍, ഇ. കെ. മധു, ആര്‍. ഉത്തമന്‍, മടിക്കൈ കുമാരന്‍, ആര്‍. എസ്. ഗോപകുമാര്‍, സുഹറാബി, രാജുജോസഫ് മഞ്ഞപ്ര, അമ്പലമേട് കെ. രവീന്ദ്രനാഥന്‍, വി. വിജയകുമാര്‍, പി. രജനി, വി. കെ. സുനില്‍കുമാര്‍ തുടങ്ങിയ വൈദ്യപ്രമുഖര്‍ പഠന ചികിത്സാ ക്യാമ്പിന് നേതൃത്വം നല്‍കും.
ഡിസംബര്‍ 11,12 തിയതികളില്‍ നബാര്‍ഡ്, കേരളസംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, കെ. എല്‍. ഡി. ബോര്‍ഡ്, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, സിസ, സേവ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാടന്‍പശു അധിഷ്ഠിതകൃഷിയും പഞ്ചഗവ്യചികിത്സയും ദ്വിദിന ദേശീയ സെമിനാര്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ചീപുരം പഞ്ചഗവ്യ വിദ്യാപീഠം കുലപതി ഗവ്യസിദ്ധാചാര്യ ഡോ. നിരജ്ഞന്‍ വര്‍മ്മ, ശിവഗിരിമഠം നിര്‍വ്വാഹക സമിതി അംഗം സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. നബാര്‍ഡ് ജനറല്‍ മാനേജര്‍ ഡോ. പി. സെല്‍വരാജ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് (കെ.എല്‍.ഡി. ബോര്‍ഡ്) മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ് എന്നിവര്‍ മുഖ്യതിഥികളായിരിക്കും. സി.കെ. നാണു എം.എല്‍.എ. വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഡോ. എന്‍. ശുദ്ധോധനന്‍, പി. വിവേകാനന്ദന്‍ (സേവ, മധുര), ഡോ. പ്രസാന്‍ പ്രഭാകര്‍ (ധ്യാന്‍ ഫൗണ്ടേഷന്‍, കൊച്ചി), ഡോ. സി. സുരേഷ് കുമാര്‍, ഡോ. ഇ. കെ. ഈശ്വരന്‍, ആര്‍. കൃഷ്ണകുമാര്‍ (ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്ര, ഈറോഡ്) തുടങ്ങിയ വിദഗ്ധര്‍ പങ്കെടുക്കും.
ഡിസംബര്‍ 13 മുതല്‍ 15 വരെ നടക്കുന്ന നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയത ദേശീയ ശില്പശാല കോലാപ്പൂര്‍ കനേരി ശ്രീക്ഷേത്ര സിദ്ധഗിരി മഠം മഠാധിപതി സ്വാമി അദൃശ്യ കാട് സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും. ഒറീസ, ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രമുഖ നാട്ടുവൈദ്യന്മാരുള്‍പ്പെടെ 150ല്‍ പരം പേര്‍ 9 ദിവസം നീളുന്ന പരിപാടികളില്‍ പങ്കാളികളായിരിക്കും. പഠനകളരി, ദേശീയ സെമിനാര്‍ പ്രവേശനം മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. നാട്ടറിവ് നാട്ടുവൈദ്യ പ്രദര്‍ശന മേള, നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ്, അപൂര്‍വ്വ ഔഷധങ്ങളുടെ പ്രദര്‍ശനം എന്നിവ കാണാന്‍ പ്രവേശനഫീസില്ല/ സൗജന്യമായിരിക്കും.
















