തിരുവനന്തപുരം : ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. മജിസ്‌ട്രേറ്റ് ദീപ മോഹനെ ബഹിഷ്‌കരിക്കുമെന്ന ബാര്‍ അസോസിയേഷന്‍ സ്വീകരിച്ച നിലപാടാണ് ഹൈക്കോടതി ഇടപെടലില്‍ മാറ്റിയത്.
റിമാന്‍ഡ് പ്രതിയുടെ മോചനം ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് ദീപാ മോഹനെ ചേമ്പറില്‍ കയറി അഭിഭാഷകര്‍ ബഹളം വെയ്‌ക്കുകയും അവരെ പൂട്ടിയിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചാണ് ദീപ മോഹനെതിരെ ബാര്‍ അസോസിയേഷന്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.
മജിസ്‌ട്രേറ്റ് നല്‍കിയ പരാതിയില്‍ 12 അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ബഹിഷ്‌കരണമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. എന്നാല്‍ മജിസ്‌ട്രേറ്റ് ഇതുവെരെ കേസ് പിന്‍വലിച്ചിട്ടില്ല.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതിനിടെ ജില്ലാ ജഡ്ജി തുടര്‍ ചര്‍ച്ച നടത്തുമെന്ന തീരുമാനത്തിലാണ് ബഹിഷ്‌കരണം പിന്‍വലിച്ചതെന്നാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അറിയിച്ചു.
















