ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നകേസിലെ പ്രതികള്‍ പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ തെരുവില് ജനങ്ങളുടെ മധുര വിതരണവും ആഘോഷവും. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ വെടിയുതിര്‍ത്തു എന്ന് പറയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ജയ് വിളിക്കുകയും അവിടെ ഡ്യൂട്ടിയിലുണ്ടായിലുണ്ടായിരുന്ന പോലീസുകാരെ തോളിലേറ്റി നൃത്തം ചെയ്യുകയും ചെയ്തു. അവര്‍ പോലീസ്‌കാര്‍ക്ക് നേരേ പുഷ്പ വൃഷ്ടിയും നടത്തി. കൊല്ലപ്പെട്ട ഡോക്ടറുടെ അയല്‍വാസികളായ സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മധുരം നല്‍കിയാണ് സന്തോഷം പ്രകടിപ്പിച്ചത്.
പ്രതികളായ മുഹമ്മദ്, ജോല്ലൂ നവീന്‍, ചിന്താകുന്ത ചന്നകേശവലു, ജോല്ലൂ ശിവ എന്നിവരെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വെടിവെക്കുകയായിരുന്നു പോലീസ് ഭാഷ്യം. പ്രതികളുടെ മൃതദേഹം ഷാദ്‌നഗറിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേ സമയം പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ പോലീസ് സംഘത്തെ നയിച്ച സൈബരാബാദ് കമ്മീഷണര്‍ വി.സി സജ്ജനാറിനെ കുറിച്ചുള്ള ചര്‍ച്ചകളാല്‍ സജീവമാണ് സോഷ്യല്‍ മീഡിയാ ഇടങ്ങള്‍. മുന്‍പ് ആസിഡ് ആക്രമണക്കേസിലെ പ്രതികളേയും സജ്ജനാര്‍ നയിച്ച പോലീസ് സംഘം സമാന രീതിയില്‍ വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി. 2008 ല്‍ വാറങ്കല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. അന്നും തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് റെക്കോര്‍ഡുകള്‍.
.
















