ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയവരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ തെളിവെടുപ്പുമായി ബന്ധപ്പെട്ട് അപകടം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പോലീസുമായുണ്ടായ എറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമായിരുന്നു.
വെറ്ററിനറി ഡോക്ടറുടെ കൊലപാതകമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരുന്നു. അതിനിടയിലാണ് പോലീസ് വെടിവെപ്പില്‍ ഇവര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ തെലങ്കാന പോലീസിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. അതേസമയം ഇത് രണ്ടാം തവണയാണ് വി.സി. സജ്ജനാര്‍ കേസിന്റെ ചുമതലയിലിരിക്കേ ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്.
2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പോലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ്പിയായിരുന്നു സജ്ജനാര്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ പോലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. സജ്ജനാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികളും സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പോലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.
അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചിരുന്നു.
ഹൈദരാബാദില്‍ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി സജ്ജനാര്‍ അറിയിച്ചിരുന്നു.
















