കോട്ടയം: അധ്യാപക യോഗത്യാ പരീക്ഷയായ കെ-ടെറ്റ് ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു. മികവുറ്റ മാര്‍ക്ക് കൈവരിച്ചാലും പാസാകാതെ വരുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തെ ആയിരത്തിലധികം അധ്യാപകരെ തീരാ ദുരിതത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ബിഎഡ്, ഡിഎഡ് (ടിടിസി) എന്നീ യോഗ്യതകള്‍ക്ക് പിന്നാലെ മുന്നാക്ക വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കെ-ടെറ്റ് പരീക്ഷ ഇരുട്ടടിയായിരിക്കുന്നത്. കെ-ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന് 60 ശതമാനം, ഒബിസിക്ക് 55 ശതമാനം എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.
അധ്യാപക യോഗ്യതയ്ക്കുള്ള സെറ്റ്, എംഫില്‍, എംഎഡ് തുടങ്ങിയ പരീക്ഷകള്‍ ജയിക്കാന്‍ നിലവില്‍ 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, പ്രൈമറി, ഹൈസ്കൂള്‍ വിഭാഗത്തിലള്ള കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മുന്ന് പരീക്ഷകളില്‍ മാത്രം 55 ശതമാനം, 60 ശതമാനം മാര്‍ക്ക് നേടണം. ഒരേ വിഭാഗത്തില്‍പ്പെട്ട പരീക്ഷകളില്‍ വ്യത്യസ്ത പാസ് മാര്‍ക്ക് നേട ണമെന്നത് അനീതിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ടിടിസി-ഡിഎഡ് അധ്യാപക കോഴ്സുകള്‍ക്ക് അപേക്ഷിക്കാനും കോഴ്സ് പാസാകാനും 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, അധ്യാപക യോഗ്യത പരീക്ഷകളിലൊന്നായ കെ-ടെറ്റ് പാസാകാന്‍ വേണ്ടത് 60 ശതമാനം മാര്‍ക്കും. ഈ വിവേചനം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാമെന്ന മറുപടിയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
ആദ്യകാലത്ത് 60 ശതമാനമാണ് ഈ പരീക്ഷയില്‍ ജയിക്കാന്‍ പൊതുവായി വേണ്ടിയിരുന്നത്. എന്നാല്‍ റിസള്‍ട്ട് പ്രഖ്യാപിച്ചയുടന്‍ പിന്നാക്ക വിഭാഗത്തിന് മാത്രമായി 55 ശതമാനമായി കുറച്ചു. ഇതിലൂടെ പരാജയപ്പെട്ടവരും യോഗ്യത നേടി ജോലിയില്‍ അംഗീകാരം ഉറപ്പിച്ചു. അധ്യാപക സംഘടനകളൊന്നും ഈ വിഷയം ഏറ്റെടുത്തില്ല. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പരീക്ഷയില്‍ 55 ശതമാനത്തില്‍ കൂടു തല്‍ മാര്‍ക്ക് ലഭിച്ചിട്ടും പാസാകാതെ നില്ക്കേണ്ടിവന്ന അധ്യാപിക മറ്റ് മാര്‍ഗങ്ങളില്ലാതെ ആത്മഹത്യ ചെയ്തു. ഇതേപോലെ കെ-ടെറ്റ് വിജയിക്കാത്തതിനാല്‍ അധ്യാപക അംഗീകാരം ലഭിക്കാതെ ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന ഭീഷണിയും ഉയരുന്നുണ്ട്.
കെ-ടെറ്റ് പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് നേടിയിട്ടും പാസാകാന്‍ കഴിയാതെ സംസ്ഥാനത്ത് ഒരുകൂട്ടം അധ്യാപകര്‍ നില്ക്കുമ്പോള് അതില്‍ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ ശമ്പളവും അലവന്‍സും കൈപ്പറ്റി സര്‍വീസില്‍ തുടരുകയാണെന്നത് വൈരുധ്യമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന്അധ്യാപകര്‍ സംസ്ഥാനത്തെ എംഎല്‍എമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിട്ടും കൃത്യമായ മറുപടിയോ നടപടിയോ ഉണ്ടായില്ല.
എല്‍പിഎസ്എ, യുപിഎസ്എ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതയുമുള്ള അഭ്യസ്തവിദ്യരായിട്ടും അയോഗ്യരാകുന്ന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷം കൂട്ടുകയാണ്. രണ്ടായിരത്തഞ്ഞൂറോളം അധ്യാപക തസ്തികയിലേക്ക് പിഎസ്സി അപേക്ഷ വിളിക്കാനിരിക്കുകയാണ്. എന്നാല്‍, കെ-ടെറ്റ് ഒരു വിലങ്ങുതടിയാണ്. ഇത് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാന്‍ സാധ്യമല്ല. ഇത് സാമൂഹ്യനീതി നിഷേധിക്കുന്നതാണെന്നാണ് അവസരം നഷ്ടപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: