ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയാവുന്നത് തടയാന്‍ ആഗോള ഇന്ത്യന്‍ വിദ്യാര്‍ഥി പോര്‍ട്ടല്‍ രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കോണ്‍സുലര്‍ സേവന പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്ത് പരാതികള്‍ അറിയിക്കാമെന്നും രാജ്യസഭയില്‍ അംഗങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി വിശദീകരിച്ചു.
വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളുടെയും കോളേജുകളുടെയും അംഗീകാരം സംബന്ധിച്ച് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ വിശദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. അതത് രാജ്യങ്ങളിലെ വ്യാജ സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും പട്ടികയും മിഷനുകള്‍ നല്‍കാറുണ്ട്. വ്യാജ വിദ്യാഭ്യാസ ഏജന്റുകളെപ്പറ്റി ലഭ്യമായിട്ടുള്ള വിവരങ്ങള്‍ മിഷന്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. ഇതിനു പുറമെയാണ് ആഗോള ഇന്ത്യന്‍ വിദ്യാര്‍ഥി പോര്‍ട്ടല്‍ ആരംഭിക്കാനുള്ള നടപടിയെന്ന് വി. മുരളീധരന്‍ അറിയിച്ചു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ സര്‍വകലാശാല അസോസിയേഷന്‍ ,യു.ജി.സി തുടങ്ങിയവരുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കോണ്‍സുലര്‍ സേവന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. പോര്‍ട്ടലിലെ വിദ്യാര്‍ഥി രജിസ്ട്രേഷന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാം. കോളേജുകള്‍, കോഴ്സുകള്‍ എന്നിവയെ പറ്റിയുള്ള പരാതികള്‍ അറിയിക്കാനായി പ്രത്യേക സംവിധാനവും പോര്‍ട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാര്‍ഥി ക്ഷേമ ഓഫീസര്‍മാരും ഉണ്ട്. വിദ്യാര്‍ഥി ക്ഷേമ ഓഫീസര്‍മാര്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ഥി അസോസിയേഷനുകളുമായി നിരന്തരം ബന്ധപെട്ടുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികളെ സര്‍വകലാശാലകളിലും കോളേജുകളിലും നേരിട്ട് ചെന്ന് കാണാറുണ്ട്. സമൂഹ മാധ്യമങ്ങളിലുള്ള അനൗദ്യോഗിക വിദ്യാര്‍ഥി ഗ്രൂപ്പുകളുമായും ഉദ്യോഗസ്ഥര്‍ ബന്ധപ്പെടാറുണ്ടെന്നും മന്ത്രി അറിയിച്ചു.
















