മുംബൈ: പഞ്ചാബ്-മഹാരാഷ്‌ട്ര സഹകരണ ബാങ്കില്‍ കോടികളുടെ വായ്‌പ തട്ടിപ്പ് നടന്ന പശ്ചാത്തലത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചു. ഈ ബാങ്കുകള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കും. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി അനുവദിക്കാന്‍ കഴിയുന്ന വായ്‌പകളുടെ പരിധിയും പുനഃപരിശോധിക്കും.
വലിയ വായ്‌പകളുടെ വിവരങ്ങള്‍ നല്‍കാന്‍ 500 കോടി രൂപയ്‌ക്കു മേല്‍ ആസ്തിയുള്ള ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുമുണ്ട്. നിലവില്‍ വാണിജ്യ ബാങ്കുകള്‍ വായ്‌പകളുടെ വിവരങ്ങള്‍ പൂര്‍ണമായും ആര്‍ബിഐയുമായി പങ്കുവയ്‌ക്കുന്നുണ്ട്. ഇതുപോലെ അര്‍ബന്‍ ബാങ്കുകളും വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.
പഞ്ചാബ് -മഹാരാഷ്‌ട്ര സഹകരണ ബാങ്കിലെ ഉന്നതരും രാഷ്‌ട്രീയ നേതാക്കളും ചേര്‍ന്ന് ചില സ്ഥാപനങ്ങള്‍ക്കു മാത്രമായി പല കടലാസ് അക്കൗണ്ടുകള്‍ ചമച്ച് അതുവഴി കോടാനുകോടികള്‍ വായ്‌പ നല്‍കിയിരുന്നു. വായ്‌പയെടുത്തവര്‍ ഇവ തിരിച്ചടയ്‌ക്കാതെ മുങ്ങി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ആര്‍ബിഐയുടെ നിര്‍ദേശം.
















