ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന് (അമൃത്) കീഴില്‍ കേരളത്തില്‍ 1023 പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കേന്ദ്ര ഭവനനിര്‍മാണ-നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയെ അറിയിച്ചു. പദ്ധതി പ്രകാരം കേരളത്തിന്റെ 2,359 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്. അതില്‍ 1,161.20 കോടി കേന്ദ്രം നല്‍കും. ഇതുവരെ 426.97 കോടി കേരളത്തിന് നല്‍കിയതായും മന്ത്രി അറിയിച്ചു.
2015 മുതല്‍ 2020 വരെയായി രാജ്യത്തെ 500 പട്ടണങ്ങള്‍ നവീകരിക്കാനുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിയാണ് അമൃത്. ഇതില്‍ അന്‍പതിനായിരം കോടി കേന്ദ്രം നല്‍കും. പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും നിര്‍മിക്കുന്നതും സംസ്ഥാന സര്‍ക്കാരാണെങ്കിലും അന്തിമ അനുമതി കേന്ദ്ര നഗരവികസന മന്ത്രാലയമാണ് നല്‍കുന്നത്.
സംസ്ഥാനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കുള്ള ധനസഹായം എന്ന നിലയ്‌ക്കാണ് കേന്ദ്രം അമൃത് പദ്ധതികളുടെ അന്‍പത് ശതമാനം അനുവദിക്കുക. പദ്ധതികള്‍ നിരീക്ഷിക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ ഉപദേശക, നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും പദ്ധതികളുടെ നടത്തിപ്പ് വിശകലനം ചെയ്യാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. രാജ്യത്തെ പ്രധാന മുനിസിപ്പാലിറ്റികള്‍, ചെറുപട്ടണങ്ങള്‍, ഹെറിറ്റേജ് പദവിയുള്ള നഗരങ്ങള്‍ എന്നിവയ്‌ക്ക് പുറമെ എഴുപത്തി അയ്യായിരത്തിന് മുകളിലും ഒരുലക്ഷത്തിന് താഴെയും ജനസംഖ്യയുള്ള നദീതട മലയോര നഗരങ്ങളും പദ്ധതിയുടെ പ്രത്യേക പരിഗണനയിലുണ്ട്.
സംസ്ഥാനങ്ങളുടെ വാര്‍ഷിക പദ്ധതി എന്ന നിലയ്‌ക്ക് 77,640 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. അതില്‍ 39,011 കോടി രൂപ ജലവിതരണത്തിനും, 32,456 കോടി രൂപ മാലിന്യ സംസ്‌കരണത്തിനും, 2,969 കോടി രൂപ അഴുക്കുചാല്‍ നിര്‍മാണത്തിനുമായി അനുവദിച്ചിട്ടുണ്ട്. 1,436 കോടി രൂപ മോട്ടര്‍ വാഹനങ്ങളല്ലാത്തവയുടെ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും 1,768 കോടി രൂപ പാര്‍ക്കുകളും ഹരിതാഭമായ ഇടങ്ങള്‍ ഒരുക്കുന്നതിനുമായി നീക്കിയിരുന്നു.അമൃത് പദ്ധതിക്കു കീഴില്‍ 27.44 കോടി രൂപ ചെലവഴിച്ച് എറണാകുളത്ത് ആറ് കനാലുകളിലെ ചെളി നീക്കാനും പാര്‍ശ്വഭിത്തി നിര്‍മിക്കാനും നവീകരിക്കാനുംതീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
















