അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിനായുള്ള മുഖം മിനുക്കലില്‍. 2020 മാര്‍ച്ചോടെയായിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പൊതുജനങ്ങള്‍ക്കായി തുറക്കുക. ഇതോടെ ഗുജറാത്ത് കായിക പ്രേമികളുടെ ഇ്ഷ്ടനാടായി മാറുമെന്നാണ് പ്രതീ7ിക്കുന്നത്.
മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 63 ഏക്കറിലുള്ള സ്‌റ്റേഡിയത്തില്‍ 1,10,000 പേര്‍ക്ക് ഇരുന്ന് കളികാണാവുന്ന വിധത്തിലാണ് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്.
സ്റ്റേഡിയം ഉദ്ഘാടനത്തിന് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ മത്സരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് അസോസിയേഷന്‍. ഇതിനായി ബിസിസിഐയുടെ അനുമതി ഉള്‍പ്പടെ ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനാണ് ഇന്ത്യയിലെ ഏറ്റവും വലിയ യ സറ്റേഡിയം. 66000 പേര്‍ക്കുള്ള സീറ്റാണ് ഈ സ്റ്റേഡിയത്തില്‍ ഉള്ളത്. 90000 പേര്‍ക്കിരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവിലെ ലോകത്തിലെ എറ്റവും വലിയ സ്‌റ്റേഡിയം.
അഹമ്മദാബാദ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ വമ്പന്‍ കളിക്കാരെല്ലാം ഉദ്ഘാടനത്തിനുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.
700 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, 76 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, മൂവായിരം കാര്‍, ആയിരം ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഇവയെല്ലാം ഉണ്ടായിരിക്കും.
മൊട്ടേരയിലെ പഴയ 54000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യവേദി കൂടിയാണ്. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും ഇവിടെ വേദിയായിട്ടുണ്ട്. സുനില്‍ ഗാവസ്‌കര്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ചത് ഈ സ്റ്റേഡിയത്തിലാണ്. കപില്‍ദേവ് റിച്ചാര്‍ഡ് ഹാര്‍ഡ്ലിയുടെ 432 വിക്കറ്റ് റെക്കോര്‍ഡ് മറികടന്നതും ഇവിടെവെച്ചുതന്നെ.
















