ന്യൂദല്‍ഹി: കാബിനറ്റ് പദവിയും പരിവാരങ്ങളുമൊക്കെയുണ്ടെങ്കിലും ദല്‍ഹിയിലെത്തുന്ന സംസ്ഥാന മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുകയെന്ന ഉദ്യോഗസ്ഥപ്പണിയാണ് പ്രധാനമായും സംസ്ഥാന സര്‍ക്കാര്‍ വന്‍ ചെലവില്‍ കേരളാ ഹൗസില്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി സമ്പത്തിന്റേത്. കേന്ദ്ര മന്ത്രിമാരുമായി സംസ്ഥാന മന്ത്രിമാര്‍ നടത്തുന്ന എല്ലാ കൂടിക്കാഴ്ചാ സംഘത്തിലും ഒരംഗത്തിന്റെ വര്‍ദ്ധനവുണ്ടായതാണ് കേരളത്തിന് ഇതുവരെയുള്ള നേട്ടം. എന്നാല്‍ ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ നുഴഞ്ഞുകയറുന്ന സമ്പത്തിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കഴിഞ്ഞദിവസം ആലപ്പുഴ എംപി എ.എം. ആരിഫ്. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറുമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആരിഫ് കയറിക്കൂടിയത്.
സുനില്‍ കുമാറിന് വേണ്ടിയാണ് നരേന്ദ്ര സിംഗ് തോമറിന്റെ അപ്പോയിന്റ്മെന്റ് എടുത്തത്. രണ്ട് ഉദ്യോഗസ്ഥരും സമ്പത്തും കൂടെയുണ്ടാകുമെന്നും മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. പാര്‍ലമെന്റിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സഭ നടക്കുന്നതിനാല്‍ പാര്‍ലമെന്റിലുണ്ടായിരുന്ന ആരിഫും ഇതിനിടെ ഇവര്‍ക്കൊപ്പം കൂടി. സുനില്‍ കുമാറിന്റെ സാനിധ്യത്തില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കൂടിയായ തോമര്‍ക്ക് കേന്ദ്രത്തിന്റെ റോഡ് മാനദണ്ഡം മാറ്റണമെന്നഭ്യര്‍ത്ഥിച്ച് ആരിഫ് നിവേദനവും നല്‍കി. പിന്നാലെ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങള്‍ക്ക് ചിത്രം സഹിതം പത്രക്കുറിപ്പും അയച്ചു. മന്ത്രി വി.എസ്. സുനില്‍ കുമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പത്രക്കുറിപ്പില്‍ പറഞ്ഞത്.
മന്ത്രിക്ക് ലഭിച്ച കൂടിക്കാഴ്ചാ അനുമതിയില്‍ നുഴഞ്ഞുകയറിയിട്ട് മന്ത്രി തന്റെ കൂടെ വന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് ആരിഫ് നല്‍കിയ പത്രക്കുറിപ്പ് അതേപടി ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിക്കുകയും ചെയ്തു. തങ്ങളുടെ മന്ത്രിയുടെ പരിപാടി സിപിഎം എംപി ഹൈജാക്ക് ചെയ്തതില്‍ പ്രതിഷേധത്തിലാണ് സിപിഐ. വി.എസ്.സുനില്‍കുമാറും അതൃപ്തി പ്രകടിപ്പിച്ചു. സിപിഎം മന്ത്രിമാരുടെ കൂടിക്കാഴ്ചകളില്‍ ഇങ്ങനെ അനാവശ്യമായി എംപിക്ക് ഇടപെടാനാകുമോയെന്നാണ് സിപിഐ ചോദിക്കുന്നത്.
















