ദുബായ്: ടെസ്റ്റ് റാങ്കിങില്‍ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ പിന്‍ന്തള്ളിയാണ് ഇന്ത്യന്‍ നായകന്‍ മുന്നിലെത്തിയത്. ബംഗ്ലാദേശിനെതിരെ നടന്ന ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി(136) നേടിയതോടെ കോഹ്‌ലിയുടെ പോയിന്റ് 928ലേക്കെത്തി. അതേസമയം ഒന്നാം സ്ഥാനത്തായിരുന്ന സ്റ്റീവ് സ്മിത്ത് പാക്കിസ്ഥാനെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 26 റണ്‍സെടുത്ത് പുറത്തായതോടെ മേല്‍ക്കോയ്‌മ നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടെ താരം 923 പോയിന്റിലേക്ക് വീണു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും തുടരുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ സ്മിത്തിനു നിറം മങ്ങിയെങ്കിലും ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷ്ഗ്‌നെയും മികച്ച പ്രകടനം കാഴ്ചവച്ച് റാങ്കിങില്‍ വമ്പന്‍ നേട്ടമുണ്ടാക്കി. ട്രിപ്പിള്‍ സെഞ്ചുറി(335 റണ്‍സ്) സ്വന്തമാക്കിയ വാര്‍ണര്‍ 12 സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തി. ഈ വര്‍ഷം ആദ്യം 110-ാം റാങ്കിലായിരുന്ന ലാബുഷാഗ്‌നെ കരിയറിലാദ്യമായി ആദ്യ പത്തിലെത്തി(8).
ബൗളര്‍മാരില്‍ ആദ്യ സ്ഥാനക്കാരില്‍ മാറ്റമില്ല. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയും വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറും ആദ്യ മൂന്നില്‍ തുടരുന്നു. നീല്‍ വാഗ്‌നര്‍(4), ജസ്പ്രീത് ബുമ്ര(5) എന്നിവരുടെ റാങ്കിലും മാറ്റമില്ല.
















