പാരീസ്: ലോക ഫുട്‌ബോൡലെ ആറാം തമ്പുരാനായി ബാഴ്‌സയുടെയും അര്‍ജന്റീനയുടെയും ഇതിഹാസതാരം ലയണല്‍ മെസ്സി. മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം നേടിയതിനു പിന്നാലെ മെസ്സിയെ ബാലണ്‍ ഡി’ഓര്‍ പുരസ്‌കാരവും തേടിയെത്തി. ആറാം തവണയാണ് മെസ്സി ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഞ്ച് തവണ ബാലന്‍ ഡി ഓര്‍ എന്ന നേട്ടവും മെസ്സിക്കു മുമ്പില്‍ വഴി മാറി.
ഇത്തവണ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ ലിവര്‍പൂളിന്റെയും നെതര്‍ലന്‍ഡ്‌സിന്റെയും പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡിക്കാണ് രണ്ടാമത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസ്സി ഇതിന് മുമ്പ് പുരസ്‌കാരം നേടിയത്.
കഴിഞ്ഞ സീസണില്‍ ലാ ലിഗയിലും ഒപ്പം യൂറോപ്പിലും മികച്ച പ്രകടനമായിരുന്നു മെസ്സിയുടേത്. ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററായിരുന്നു മെസ്സി.
ലിവര്‍പൂളിന്റെ സാദിയോ മാനെ, മുഹമ്മദ് സല എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയെ ലീഗ് ചാമ്പ്യന്‍മാരാക്കിയതും അര്‍ജന്റീനയെ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിയിലെത്തിച്ചതുമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മെസ്സി 686 പോയിന്റ് നേടിയപ്പോള്‍ വിര്‍ജില്‍ വാന്‍ ഡിക്ക് 679 പോയിന്റ് സ്വന്തമാക്കി. ക്രിസ്റ്റിയനോയ്‌ക്ക് 476 പോയിന്റ് മാത്രമാണ് ലഭിച്ചത്.
അമേരിക്കന്‍ വനിതാ താരം മെഗാന്‍ റപിനൊ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടി. അമേരിക്കയ്‌ക്ക് ലോകകിരീടം സമ്മാനിച്ച പ്രകടനമാണ് റപിനൊയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രൗണിനെയും അമേരിക്കയുടെ അലക്‌സ് മോര്‍ഗനെയും പിന്തള്ളിയാണ് റപിനോ പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ അവാര്‍ഡ് ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോളി അലിസണ്‍ ബെക്കറിനാണ്. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ മികച്ച ഗോളിക്കും ഫിഫയുടെ ഏറ്റവും മികച്ച ഗോളിക്കുമുള്ള പുരസ്‌കാരവും അലിസണ്‍ ബെക്കര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുന്‍ ഐവറി കോസ്റ്റ് ഫുട്‌ബോള്‍ താരം ദിദിയര്‍ ദ്രോഗ്ബയായിരുന്നു പരിപാടിയുടെ അവതാരകരിലൊരാള്‍.
2009-ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആദ്യമായി സ്വന്തമാക്കിയ മെസ്സി പിന്നീട് അഞ്ച് തവണ കൂടി ഈ ബഹുമതി നേടുകയായിരുന്നു. തന്റെ 22-ാം വയസ്സില്‍ ഈ അവാര്‍ഡ് ആദ്യമായി നേടിയത് പാരീസില്‍ വച്ചായിരുന്നു. പിന്നീട് പത്തു വര്‍ഷത്തിനിടെയായിരുന്നു ആറ് നേട്ടങ്ങളും.
അന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ മൂന്നു സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ഞാന്‍ വന്നത്. ഇപ്പോള്‍ എന്റെ ഭാര്യക്കും മക്കള്‍ക്കൊപ്പമാണ് ഞാന്‍ ഈ പുരസ്‌കാരം പങ്കിടുന്നത്. എന്റെ പ്രായത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും ഇനിയുള്ള കാലവും ഫുട്ബോള്‍ ആസ്വദിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, പുരസ്‌കാരം സ്വീകരിച്ച് മെസ്സി പറഞ്ഞു. തന്റെ നേട്ടങ്ങളില്‍ ടീം അംഗങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മറ്റു താരങ്ങളുടെ മികവ് കൂടിയാണ് തന്നെ ഇത്തരം നേട്ടങ്ങളിലെത്തിക്കുന്നത്. താന്‍ സ്വപ്‌നങ്ങള്‍ കാണുന്ന ആളാണെന്നും ഒരുകാലത്ത് ഈ പുരസ്‌കാരങ്ങളൊക്കെ സ്വപ്നങ്ങളായിരുന്നുവെന്നും മെസ്സി പറഞ്ഞു. ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കണമെന്നും കുറച്ച് വര്‍ഷങ്ങള്‍കൂടി ഇതുപോലെതന്നെതുടരണമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട ആവശ്യമില്ലെന്നും തന്റെ ആരോഗ്യമായിരിക്കും വിരമിക്കല്‍ കാര്യത്തില്‍ തീരുമാനമെടുക്കുന്ന പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു.
















