മലപ്പുറം: പാലൂര്‍ മോഹനചന്ദ്രനടക്കം ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കിയതും പ്രചോദനമേകിയതും കൊടുംഭീകരന്‍ ഹുസൈന്‍ മുസ്ലിയാര്‍. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ സലീമിന്റെ വെളിപ്പെടുത്തലാണിത്.
തൊഴിയൂര്‍ സുനില്‍, പാലൂര്‍ മോഹനചന്ദ്രന്‍, മതിലകം സന്തോഷ്, വാടാനപ്പള്ളി രാജീവ്, കൊല്ലങ്കോട് മണി, കാര്‍ത്തല താമി എന്നിവരെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം ജം ഇയ്യത്തുല്‍ ഇഹ്‌സാനിയയെന്ന ഭീകരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന പഴുന്നാന ഹുസൈന്‍ മുസ്ലിയാരാണെന്ന് സലീം അന്വേഷണ സംഘത്തോട് സമ്മതിച്ചു. മതപണ്ഡിതനെന്ന വ്യാജേനയാണ് ഇയാള്‍ മുസ്ലീം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഖുറാന്‍ സൂക്തങ്ങളെ വളച്ചൊടിച്ച് മറ്റ് മതസ്ഥരെ കൊന്നൊടുക്കാന്‍ പ്രലോഭിപ്പിക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്താല്‍ തന്നെ കേസ് വഴിമാറി പോകുമെന്ന് ഇയാള്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. സ്വന്തം വീട്ട് മുറ്റത്ത് നിന്ന് സലീമടക്കമുള്ളവര്‍ക്ക് മണ്ണ് വാരി നല്‍കിയ ശേഷം ഇത് പോലീസിന്റെ മുഖത്തെറിഞ്ഞാല്‍ മതി അവര്‍ക്ക് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും മുസ്ലിയാര്‍ പറഞ്ഞിരുന്നു. ഓരോ കൊലപാതകത്തിന് ശേഷവും കേസുകള്‍ വഴിമാറിയതോടെ ഇയാള്‍ക്ക് അനുയായികള്‍ വര്‍ധിച്ചു.
സുനില്‍ വധക്കേസില്‍ നിരപരാധികള്‍ അറസ്റ്റിലാകുകയും സന്തോഷ്, രാജീവ്, മോഹനചന്ദ്രന്‍ കൊലപാതകങ്ങള്‍ അപകടമരണങ്ങളായി ചിത്രീകരിക്കപ്പെടുകയും ചെയ്തതോടെ തീവ്രവാദി സംഘത്തിന്റെ ആത്മവിശ്വാസം കൂടി. ഈ സംഭവങ്ങളെല്ലാം രഹസ്യയോഗങ്ങളില്‍ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ നേതാക്കള്‍ പറയുകയും കൂടുതല്‍ പേരെ വകവരുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. സന്തോഷ് വധക്കേസില്‍ ഹുസൈന്‍ മുസ്ലിയാരെ പോലീസ് പ്രതി ചേര്‍ത്തിരുന്നെങ്കിലും സാക്ഷി കൂറുമാറിയതോടെ വെറുതെ വിടുകയായിരുന്നു.
സുനില്‍ വധക്കേസില്‍ സലീം അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ മുസ്ലിയാര്‍ വിദേശത്തേക്ക് കടന്നു. സൗദി അറേബ്യയിലുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
















