പാരീസ്: ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ഡൈക്കിനേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളി മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. കരിയറിലെ ആറാം ബാലണ്‍ ഡി ഓര്‍ കിരീടമാണ് മെസി സ്വന്തമാക്കിയത്. ഫുട്ബോള്‍ ചരിത്രത്തില്‍ ആറ് ബാലണ്‍ ഡി ഓറുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇതോടെ മിഷിഹയുടെ(മെസി) പേരിലായി.
പാരീസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ മെസി പുരസ്‌കാരം ഏറ്റുവാങ്ങി. മെസിയുടെ മുഖ്യ എതിരാളിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ നിന്നും റൊണാള്‍ഡോ വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ജേതാവായ ലൂക്ക മോഡ്രിച്ചില്‍ നിന്നാണ് മെസി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസി ഈ നേട്ടം ഇതിന് മുമ്പ് കൈവരിച്ചത്. 2016 മുതലാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രത്യേകമായി നല്‍കി തുടങ്ങിയത്.
















