മെല്‍ബണ്‍: നഥാന്‍ ലിയോണിന്റെ സ്പിന്നില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് വിജയത്തിലേക്ക് പറന്നുകയറി. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 48 റണ്‍സിനും പാക്കിസ്ഥാനെ പരാജയപ്പെടുത്തി. ഇതോടെ രണ്ട് ടെസ്റ്റുമത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ തൂത്തുവാരി. ആദ്യ ടെസ്റ്റിലും ഓസീസ് ഇന്നിങ്‌സ് വിജയം നേടിയിരുന്നു.
ലിയോണ്‍ അഞ്ചു വിക്കറ്റുകള്‍ പിഴുതതോടെ പാക്കിസ്ഥാന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി. ആദ്യ ഇന്നിങ്‌സിലെ 287 റണ്‍സ് കടവുമായി ഫോളോ ഓണ്‍ ചെയ്ത പാക്കിസ്ഥാന്‍ നാലാം ദിനത്തില്‍ 239 റണ്‍സിന് ബാറ്റ് താഴ്‌ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് 589 ഡിക്ലയേര്‍ഡ്: പാക്കിസ്ഥാന്‍ 302, 239. ട്രിപ്പിള്‍ സെഞ്ചുറി കുറിച്ച് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ ഒരുക്കിയ ഡേവിഡ് വാര്‍ണറാണ് കളിയിലെ കേമനും പരമ്പരയുടെ താരവും.
നാലാം ദിനത്തില്‍ മൂന്ന് വിക്കറ്റിന് മുപ്പത്തിയൊമ്പത് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച പാക്കിസ്ഥാന് ലിയോണിന്റെ തിരിയുന്ന പന്തുകളില്‍ പിടിച്ചുനില്‍ക്കാനായില്ല. അര്‍ധ സെഞ്ചുറി കുറിച്ച ആസാദ് ഷാഫിക്ക് , ഷാന്‍ മസൂദ് എന്നിവരുള്‍പ്പെടെ അഞ്ചു പാക് ബാറ്റ്‌സ്മാന്മാരെ ലിയോണ്‍ പുറത്താക്കി. ഇരുപത്തിയഞ്ച് ഓവറില്‍ 69 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
ഓപ്പണര്‍ ഷാന്‍ മസൂദ് 127 പന്തില്‍ 68 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സറും അടിച്ചു. ഷാഫിക്ക് 112 പന്തില്‍ 57 റണ്‍സ് നേടി. മുഹമ്മദ് റിസ്‌വാന്‍ 45 റണ്‍സും കുറിച്ചു. പാക് ക്യാപ്റ്റന്‍ അസര്‍ അലി അടക്കമുള്ള മറ്റ് ബാറ്റ്‌സ്മാന്മാര്‍ അനായാസം കീഴടങ്ങി. അസര്‍ അലി ഒമ്പത് റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച യാസിര്‍ ഷാ പതിമൂന്ന് റണ്‍സുമായി മടങ്ങി. ലിയോണ്‍ തന്നെയാണ് യാസിറിനെയും വീഴ്‌ത്തിയത്.ഓസീസിന്റെ പേസര്‍ ഹെയ്‌സല്‍വുഡ് 23 ഓവറില്‍ 63 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് പതിനാറ് ഓവറില്‍ 47 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.
















