ഒടുവില്‍ ഉദ്ധവിന്റെ മോഹങ്ങള്‍ പൂവണിയുന്നു. കൊടിലുകൊണ്ടുപോലും തൊടാനറയ്ക്കുന്ന വര്‍ഗീയതയുടെ വിഷവിത്താണ് അച്ഛന് ബാല്‍താക്കറെയെന്ന് ഒരിക്കല്‍ വിളിച്ചുകൂവി നടന്നവരുടെ തോളില്‍ കൈയിട്ട് അറുപതാം വയസ്സില്‍ രാജാപ്പാര്‍ട്ട് കളിക്കാനിറങ്ങുകയാണ് മകന് താക്കറെ.
മറാത്ത വീര്യത്തിന്റെ പാരമ്പര്യവും പറഞ്ഞ് മണ്ണിന്റെ മക്കള്‍ രാഷ്ട്രീയം കളിച്ചാണ് ബാല്‍താക്കറെ മഹാരാഷ്ട്ര അടക്കിവാണത്. തല്ലിയും തലോടിയും തന്നെയാണ് താക്കറെയുടെ ശിവസേന മറാത്ത മണ്ണില്‍ ചുവടുറപ്പിച്ചത്. അച്ചടക്കമെന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത അക്രമിക്കൂട്ടത്തെ ബാല്‍താക്കറെ എന്ന കൃശഗാത്രന്‍ അമാനുഷികമായ ആജ്ഞാശക്തി കൊണ്ട് അടക്കിനിര്‍ത്തിയും അഴിച്ചുവിട്ടും നേടിയെടുത്ത പേരാണ് ശിവസേനയ്ക്ക് ആകെയുള്ള കൈമുതല്‍. മഹാരാഷ്ട്രയ്ക്ക് പുറത്ത് പക്ഷേ തള്ളി ജയിക്കാനായിരുന്നു അന്നേ ശ്രമം. അത് അയോധ്യയിലായാലും രാജ്യത്തൊട്ടാകെ നടന്ന ഹിന്ദുത്വ മുന്നേറ്റങ്ങളിലായാലും ‘അതും ഞമ്മാളാ’ എന്ന് പറയുന്ന ഒരു എട്ടുകാലി മമ്മൂഞ്ഞിസത്തിന് അച്ഛന് താക്കറേയും അടിപ്പെട്ടിട്ടുണ്ട്. ഉദ്ധവിന് ഇത് ആകാശത്തുനിന്ന് കിട്ടിയതല്ലെന്ന് സാരം.
മഹാരാഷ്ട്രയിലെ താന്തോന്നിത്ത രാഷ്ട്രീയത്തിന് മാന്യമായ മുഖം വന്നത് ശിവസേന, ഭാരതീയ ജനതാപാര്‍ട്ടിയോട് കൈകോര്‍ത്തപ്പോള്‍ മാത്രമാണ്. അതുവരെയും അത് അക്രമികളുടെ പാര്‍ട്ടി മാത്രമായിരുന്നു. ബാല്‍ താക്കറെയുടെ നാട്ടുപ്രമാണിത്തവും ആജ്ഞാശക്തിയും മുതലാക്കി കൈകൊടുത്തതാണ് ബിജെപിയുടെ നയതന്ത്രത്തിന്റെ കരുത്ത്. ഏത് കൊമ്പനെയും മെരുക്കി കൂട്ടിലടയ്ക്കാന്‍ പോകുന്ന ബിജെപിയുടെ രാഷ്ട്രീയ ചങ്കൂറ്റമാണ് ശിവസേന സഖ്യത്തിലൂടെ അന്ന് വെളിവായത്.
മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി സഖ്യത്തെ ശിവസേന നയിച്ചു. 1989 ലാണ് ബാല്‍താക്കറെയുടെ ശിവസേന ബിജെപിയുമായി കൈകോര്‍ക്കുന്നത്. അന്നെല്ലാം ശിവസേനയ്ക്ക് കോണ്‍ഗ്രസുകാരും മറ്റ് പാര്‍ട്ടിക്കാരും നല്‍കിയിരുന്ന വിളിപ്പേര് ‘ഹിന്ദു തീവ്രവാദികള്‍’ എന്നായിരുന്നു. 70ലെയും 84ലെയും ഭീവണ്ടി കലാപവും 92-93ലെ മുംബൈ കലാപവും ശിവസേനയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്നതാണെന്നായിരുന്നു അവരുടെ പ്രചരണം. താക്കറെ വിഷപ്പാമ്പാണെന്ന് ഇന്നത്തെ എന്‍സിപി നേതാവും അന്നത്തെ കോണ്‍ഗ്രസ് നേതാവുമായ ശരത് പവാര്‍ ആക്ഷേപിച്ചു. അയാളെ കൊടിലുകൊണ്ടുപോലും തൊടാന്‍ കൊള്ളില്ലെന്നായിരുന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയസിങിന്റെ അധിക്ഷേപം.
ബിജെപിയുടെ പിന്‍ബലത്തില്‍ 1995 ല്‍ ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കി. 1966 മുതലുള്ള ദാഹമായിരുന്നു അന്ന് ശമിച്ചത്, താക്കറെ മത്സരിച്ചില്ല. മുഖ്യമന്ത്രിയായില്ല. പക്ഷേ റിമോട്ട് മാതോശ്രീയിലെ കിടപ്പുമുറിയിലായിരുന്നു, ബാല്‍ താക്കറെ വരച്ചിട്ട അസംഖ്യം രാഷ്ട്രീയകാര്ട്ടൂണുകളിലൊന്നായി ആ സര്‍ക്കാര്‍. അഞ്ചുകൊല്ലത്തെ ഭരണത്തില്‍ മാതോശ്രീയില്‍ മുട്ടിലിഴഞ്ഞു കളിച്ച മറാത്താ കിങ്ങിണിക്കുട്ടന്മാര് വരെ വിലസി. മകനും മരുമകനുമൊക്കെ നിരത്തിലിറങ്ങി രാജ്യഭരണം നടത്തി. ബാല്‍താക്കറെ വരച്ചും കുറിച്ചും കൊറിച്ചും ചക്രവര്‍ത്തിയായി വാണു. ആദ്യം മനോഹര്‍ ജോഷിയും പിന്നെ നാരായണ്‍ റാണെയും മുഖ്യമന്ത്രിമാരായ ആ ഭരണകാലം മാതോശ്രീയിലെ അധികാരാര്‍ത്തി പത്തിവിടര്ത്തിയതായിരുന്നു. ഉദ്ധവ് താക്കറെയും രാജ് താക്കറെയും പരസ്പരം പോരടിച്ചു. ബാല്‍ താക്കറെയുടെ വിശ്വസ്തനെന്ന് വേഷം കെട്ടിയാടിയ സഞ്ജയ് റൗത്ത് ശകുനിയുടെ റോളിലവതരിച്ചതോടെ ബാല്‍താക്കറെയുടെ കണ്മുന്നില് തമ്മില്‍ത്തല്ല് മുറുകി.
ഭരണത്തില്‍ പങ്കാളിയായിരിക്കെത്തന്നെ രാഷ്ട്രനിര്‍മ്മാണത്തില്‍ ബദ്ധശ്രദ്ധരായിരുന്ന ബിജെപി നേതൃത്വം കൃത്യമായ പദ്ധതിയോടെയാണ് മഹാരാഷ്ട്രയില്‍ മുന്നോട്ടുപോയത്. ശിവസേനാഭരണത്തിന്റെ അഴുക്കുകളില്‍ നിന്ന് അവര്‍ കറപുരളാതിരിക്കാന്‍ കരുതല്‍ കാട്ടി. ഒറ്റത്തവണ മാത്രം കിട്ടിയ അധികാരത്തിന്റെ ബലത്തില്‍ ശിവസേന കാട്ടിയ തിണ്ണമിടുക്ക് സ്വാഭാവികമായും അടുത്ത കുറി അവരെ പുറത്തുനിര്‍ത്തി. പിന്നെ ഇരുപത്തിയഞ്ച് കൊല്ലത്തോളം പ്രതിപക്ഷത്തിരിക്കേണ്ടി വന്നു അവര്‍ക്ക്. അത് ഉദ്ധവിനെ ഭ്രാന്ത് പിടിപ്പിച്ചു. അതിനിടയില്‍ ബിജെപി രാജ്യം ഭരിച്ചു. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചു. വിലപേശലുകള്ക്കിടയില്ലാത്ത വിധം കരുത്തോടെ അധികാരത്തിലെത്തി. എതിരാളികളില്ലാത്ത കരുത്തരായി ബിജെപി മാറി. അപ്പോഴും ശിവസേനയെന്ന സഖ്യത്തോട് മര്യാദ കാട്ടാന്‍ ബിജെപി മറന്നില്ല. വാജ്പേയി സര്‍ക്കാരില്‍ മന്ത്രിമാരും സ്പീക്കറുമൊക്കെ ശിവസേനയ്ക്കുണ്ടായി.
ബാല്‍ താക്കറെ മരിച്ചതോടെ നിരത്തില്‍ തല്ലിയ മകനും മരുമകനും പാര്‍ട്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി മല്ലടിച്ചു. രാജ്, നവനിര്‍മാണ്‍ സേനയുമായി വഴിപിരിഞ്ഞു. അധികാരത്തിന്റെ ഇടനാഴിയില്‍ ഉദ്ധവ് അന്നേ ആര്‍ത്തി പിടിച്ചു പാഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും ഉദ്ധവിന് നിലപാടുകള്‍ പലതായിരുന്നു. രാജ്യമൊട്ടാകെ രാഷ്ട്രീയാധികാരം കൈപ്പിടിയിലായിട്ടും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വേണ്ടി ബിജെപി വഴിമാറിനിന്നു. 2014ല്‍ അസംബ്ലിയില്‍ സീറ്റ് ചര്‍ച്ച നടക്കുമ്പോള്‍ ഉദ്ധവ് നില മറന്നു. അയാള്‍ മാതോശ്രീ ഭരണത്തിന്റെ ഹാങ്ഓവറിലായിരുന്നു അപ്പോഴും. അന്നാദ്യമായി അവിടെ ബിജെപിയും ശിവസേനയും രണ്ടായി മത്സരിച്ചു. 230 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 122 സീറ്റ് ലഭിച്ചു. 282 സീറ്റില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ഉദ്ധവിന്റെ സേന 63ല്‍ ഒതുങ്ങി.
മഹാരാഷ്ട്രക്കാര്‍ ഉദ്ധവിനെ പുറംതള്ളി. ദേവേന്ദ്രഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പിന്നെയും അയാള്‍ ഒപ്പം കൂടാനെത്തി. അധികാരത്തില്‍ നിന്ന് പുറത്തുനില്ക്കാനാകാത്ത വിധം ആര്‍ത്തി കൊണ്ട് എല്ലാ മാന്യതയും അയാളില്‍നിന്ന് പൊയ്പ്പോയിരുന്നു. 2019ല്‍ വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയാള്‍ വിനീതനായി സീറ്റ് ചര്‍ച്ചയ്ക്കെത്തി. ബിജെപി 152 സീറ്റിലും ശിവസേന 124 സീറ്റിലും മത്സരിച്ചു. ബിജെപി 105 സീറ്റില്‍ ജയിച്ചു. ശിവസേനയ്ക്ക് 56ഉം. ബിജെപിയുടെ ഔദാര്യം.
ജനം ബിജെപി സഖ്യത്തെ തെരഞ്ഞെടുത്തു. എന്നാല്‍ പിന്നെക്കണ്ടത് ഒരു അധികാരക്കൊതിയന്റെ നെറികെട്ട മുഖമായിരുന്നു. ബാല്‍താക്കറെയെയും മറാത്താ രാഷ്ട്രീയത്തേയും ചവറ്റുകുട്ടയില്തള്ളി അയാള്‍ മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി പരക്കം പാഞ്ഞു. ഒറ്റ രാത്രികൊണ്ട് മതേതരന്റെ കുപ്പായം എടുത്തണിഞ്ഞു. മദാമ്മയുടെ അടുക്കളവാതിലിലും ശരത് പവാറിന്റെ വീട്ടുപടിക്കലിലും കൈ കൂപ്പി ഇരന്നു. മുഖ്യമന്ത്രിക്കസേരയില്‍ ശര്ക്കരക്കുടമാണെന്ന് കരുതിയ ഒരു അധികാരമോഹിയുടെ രാക്കനവുകള്‍ മഹാരാഷ്ട്രയുടെ ജനവിധിയെ അട്ടിമറിച്ചു.
പവാറിന്റെയും സോണിയയുടെയും നടുക്ക് വിപ്രലംഭശൃംഗാരിയായി ഒടുവില്‍ ഉദ്ധവ് താക്കറെ… ബിജെപിക്ക് ഒരു ഭാരം എന്നെന്നേക്കുമായി ഒഴിഞ്ഞിരിക്കുന്നു. ബാല്‍താക്കറെ ഉയര്‍ത്തിയ മറാത്താ രാഷ്ട്രീയത്തിന്റെ ദേശീയപ്രബുദ്ധതയോട് ഇത്രകാലം കാണിച്ചുപോന്നിരുന്ന മര്യാദ ഇനി വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: