പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ 1926 മാര്‍ച്ച് 18നായിരുന്നു മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ ജനനം. അക്കിത്തം വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ പാര്‍വ്വതി അന്തര്‍ജനവുമായിരുന്നു മാതാപിതാക്കള്‍. പന്ത്രണ്ട് വയസ്സുവരെ പിതാവില്‍ നിന്നും ഋഗ്വേദവും കൊടക്കാട്ട് ശങ്കുണ്ണി നമ്പീശനില്‍ നിന്ന് സംസ്കൃതം, ജ്യോതിഷം എന്നിവയും പഠിച്ചു. മാവറെ അച്യുതവാരിയരായിരുന്നു ആദ്യ ഗുരു. തൃക്കണ്ടിയൂര്‍ കളത്തില്‍ ഉണ്ണികൃഷ്ണ മേനോനില്‍ നിന്ന് ഇംഗ്ലീഷ്, കണക്ക് എന്നിവ അഭ്യസിക്കുമ്പോള്‍ പ്രായം 14. ടി.പി. കുഞ്ഞുകുട്ടന് നമ്പ്യാരില്‍ നിന്ന് കാളിദാസകവിതയും വി.ടി. ഭട്ടതിരിപ്പാടില്‍ നിന്ന് തമിഴും പഠിച്ചു. കുമരനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. പക്ഷേ പഠനം പൂര്‍ത്തിയാക്കിയില്ല.
കവിത രചിക്കാന്‍ തുടങ്ങിയത് എട്ടാം വയസ്സില്‍. സാഹിത്യകാരന്മാരായിരുന്ന ഇടശ്ശേരി ഗോവിന്ദന് നായര്‍, ബാലാമണിയമ്മ, നാലപ്പാടന്, കുട്ടികൃഷ്ണമാരാര്, വി.ടി. ഭട്ടതിരിപ്പാട്, എംആര്‍ബി( മുല്ലമംഗലത്ത് രാമന് ഭട്ടതിരി) എന്നിവര്‍ക്കൊപ്പമുള്ള സഹവാസവും ശിഷ്യത്വവും അക്കിത്തത്തിലെ കവിഭാവന ഉണര്‍ത്തി.
1946 മുതല്‍ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനായിരുന്നു. യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഡപ്യൂട്ടി എഡിറ്ററുമായിരുന്നു. 1956 മുതല്‍ 1985 വരെ ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളില്‍ സേവനമനുഷ്ഠിച്ചു. എഡിറ്റര്‍ പോസ്റ്റില്‍ നിന്നും 1985 ല്‍ വിരമിച്ചു. 1949ല്‍ 23-ാം വയസ്സില്‍ പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തര്‍ജനത്തെ വിവാഹം ചെയ്തു. 2019 മെയില്‍ ഇവര്‍ അന്തരിച്ചു. പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന് എന്നിവരാണ് മക്കള്‍. പ്രശസ്ത ചിത്രകാരനും ശില്പിയുമായ അക്കിത്തം നാരായണന് സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: